ആശവർക്കർ നിയമനം: അയ്യപ്പൻകോവിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് സി.പി.ഐ.

ഉപ്പുതറ : ആശവർക്കർ നിയമനം അട്ടിമറിക്കുന്നു എന്നാരോപിച്ച് സി.പി.ഐ. ലോക്കൽ കമ്മറ്റി അയ്യപ്പൻ കോവിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
റാങ്ക് ലിസ്റ്റ് നിലനിൽക്കേ ആശവർക്കർ നിയമനത്തിന് അപേക്ഷ ക്ഷണിക്കാൻ നാഷണൽ ഹെൽത്ത് മിഷന് വീണ്ടും കത്തുനൽകാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് മാർച്ചും ഉപരോധവും നടത്തിയത്.
പഴയ റാങ്ക് ലിസ്റ്റ് പരിഗണിക്കണമെന്നും പുതിയ അപേക്ഷ സ്വീകരിക്കരുതെന്നും ഹൈക്കോടതി വിധിയുണ്ട്. എന്നാൽ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥിക്ക് കിട്ടിയ അനുകൂലകോടതിവിധി മറികടക്കാനുള്ള നീക്കമാണ് പഞ്ചായത്ത് നടത്തുന്നത്.
ഇതിനെതിരേ കോടതി വ്യവഹാരവും പ്രക്ഷോഭവും തുടരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
മേരികുളം ടൗണിൽ തുടങ്ങിയ മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന ഉപരോധം സി.പി.ഐ. സംസ്ഥാന കൗൺസിലംഗം വി.ആർ. ശശി ഉദ്ഘാടനം ചെയ്തു. അയ്യപ്പൻ കോവിൽ ലോക്കൽ സെക്രട്ടറി ഷാജി മാത്യു അധ്യക്ഷത വഹിച്ചു. കട്ടപ്പന മണ്ഡലം സെക്രട്ടറി
സി.എസ്. അജേഷ്, വി.ടി.
ഷാൻ, ജോസ് കുര്യൻ, പി.ജെ. സത്യപാലൻ, മനു കെ.ജോൺ, പഞ്ചായത്ത് അംഗങ്ങളായ നിഷാമോൾ ബിനോജ്,
പി.ജി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എന്നാൽ ആശവർക്കർ നിയമനത്തിൽ അപേക്ഷ സ്വീകരിച്ച് അഭിമുഖം ഉൾപ്പെടെയുള്ള നടപടി എടുക്കേണ്ടത് ആരോഗ്യവകുപ്പാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ. തമ്പി അറിയിച്ചു.