പാഴാകുന്നത് ദാഹജലം!!

ഒരുവശത്ത് ദാഹജലത്തിനായി നെട്ടോട്ടം; മറുവശത്ത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം റോഡിലേക്ക്‌

കുമളി : അധികൃതരുടെ കടുത്ത അനാസ്ഥയും കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതുംമൂലം കുമളിയിൽ ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാക്കി ഒഴുക്കിക്കളയുന്നു. കുമളി ഒന്നാംമൈൽ സ്വകാര്യഹോട്ടലിന് മുൻപിലാണ് കഴിഞ്ഞ ആറുമാസമായി പ്രധാന പൈപ്പ്‌ലൈൻ പൊട്ടി വെള്ളം റോഡിലൂടെ പരന്നൊഴുകുന്നത്. അമരാവതി സ്കൂളിന് താഴെ ഭാഗങ്ങളിലും രണ്ടാംമൈൽ നൂലാംപറ വാർഡുകളിലെ വിവിധ പ്രദേശങ്ങളിലേക്കും കുടിവെള്ളം സപ്ലൈ ചെയ്യുന്ന പ്രധാന പൈപ്പ് ലൈനാണിത്.

പൈപ്പ്‌ലൈൻ പൊട്ടിയുടൻതന്നെ കൃത്യസമയത്ത് അറ്റക്കുറ്റപണികൾ നടത്തൻ അധികൃതർ തയ്യാറാകാതിരുന്നതാണ് നിലവിൽ ഇത്രയും വലിയ ജലനഷ്ടത്തിന് കാരണമായിരിക്കുന്നത്. പ്രധാന വിതരണലൈനിലെ ഈ തകരാർമൂലം രണ്ടാംമൈൽ വാർഡിലെ ഒട്ടനവധി കുടുംബങ്ങൾക്കാണ് മാസങ്ങളായി കുടിവെള്ളം കൃത്യമായി ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. ഒരിടത്ത് വെള്ളം പാഴായിപ്പോകുമ്പോൾ മറുവശത്ത് ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. വലിയ തുക ചെലവഴിച്ച് ശുദ്ധീകരിച്ച ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഇവിടെ ദിവസേന റോഡിലൂടെ ഒഴുക്കിക്കളയുന്നത്. വെള്ളം വലിയതോതിൽ പാഴാകുന്നതോടെ ഇതുവഴിയുള്ള കാൽനടയാത്രയും വാഹനയാത്രയും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കൂടാതെ, വെള്ളം ഒഴുകുന്നതിനാൽ റോഡിന്റെ ഭാഗങ്ങളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇനിയും ഇത് തുടർന്നാൽ റോഡ് പൂർണമായി തകരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

പലതവണ കുമളി സെക്‌ഷൻ ജലഅതോറിറ്റി ഓഫീസിൽ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. കൃത്യസമയത്ത് അറ്റക്കുറ്റപ്പണികൾ നടത്താതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും നികുതിപ്പണം പാഴാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഇത്തരം അനാസ്ഥയ്ക്കെതിരേ ഉന്നതാധികാരികൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പൈപ്പ് ൈലനിന്റെ അറ്റക്കുറ്റപ്പണികൾ നടത്താത്തപക്ഷം കുമളി സെക്ഷൻ ജലഅതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം അടക്കമുള്ള സമരപരിപാടികൾ നടത്താനാണ് വിവിധ രാഷ്ട്രീയപാർട്ടിക്കാരുടെ നീക്കം.