ഒരുമാതിരി പണിയായിപ്പോയി

നവീകരിച്ച് മാസങ്ങൾക്കകം നെടുങ്കണ്ടം-കൽക്കൂന്തൽ-പെരിഞ്ചാംകുട്ടി റോഡ് പൊട്ടിപ്പൊളിഞ്ഞു
നെടുങ്കണ്ടം : അറ്റകുറ്റപ്പണി നടത്തി മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പൊട്ടിപ്പൊളിഞ്ഞ് നെടുങ്കണ്ടം-കൽക്കൂന്തൽ-പെരിഞ്ചാംകുട്ടി റോഡ്. കൽകൂന്തലിൽനിന്നും മഞ്ഞപ്പെട്ടി, മാവടി, ചീനിപ്പാറ, കുഴിക്കൊമ്പ് പൊന്നാമല വഴി പെരിഞ്ചാംകുട്ടിയിൽ എത്തിച്ചേരുന്ന 10 കിലോമീറ്ററോളം ദൈർഘ്യമുള്ള പാതയ്ക്കാണ് ദുർവിധി.
പൊട്ടിപ്പൊളിഞ്ഞ പാതയിലൂടെയുള്ള യാത്ര ദുഷ്കരമായതോടെ പ്രദേശവാസികളും വിദ്യാർഥികളും കടുത്ത ദുരിതത്തിലാണ്. റോഡിലെ ടാറിങ് പൂർണമായും ഇളകി വലിയ കുഴികൾ രൂപപ്പെട്ടനിലയിലാണ്. പലയിടങ്ങളിലും മെറ്റൽ ഇളകിക്കിടക്കുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്.
മഴക്കാലമാകുന്നതോടെ സ്ഥിതി അതീവ ദയനീയമാകും. ഇതിനു പുറമേ റോഡിന്റെ ഇരുവശങ്ങളിലും കാടുപടലങ്ങൾ വളർന്നുനിന്ന് കാഴ്ച മറയ്ക്കുന്നതും അപകടസാധ്യത വർധിപ്പിക്കുകയാണ്.
റോഡ് തകർന്നതോടെ ചരക്കുവാഹനങ്ങൾ ഇതുവഴി വരാൻ മടിക്കുന്നു. രോഗികളെ ആശുപത്രികളിലെത്തിക്കാനും സ്കൂൾ വിദ്യാർഥികൾക്ക് കൃത്യസമയത്ത് ക്ലാസുകളിലെത്താനും കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. നെടുങ്കണ്ടത്തുനിന്നും ടാക്സി വിളിച്ചാൽപോലും പ്രദേശത്തേക്ക് വരാത്ത സാഹചര്യമാണുള്ളത്. ആലുവ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലേക്ക് അടക്കം ദീർഘദൂര കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യബസും ഈ റോഡിലൂടെയാണ് സർവീസ് നടത്തുന്നത്.
രണ്ടു വാഹനങ്ങൾക്ക് നിലവിൽ ഒരേ സമയം തടസ്സമില്ലാതെ റോഡിലൂടെ കടന്നുപോകാനാകാത്ത സ്ഥിതിയാണുള്ളത്. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്നാണ് ഉയരുന്ന ആവശ്യം.