പാലമുണ്ട്, കയറാൻ കഴിയില്ല

അനുബന്ധറോഡില്ലാതെ സെമിനാരിപ്പടി പാലം
വല്ലാത്ത യാത്രാദുരിതം
തടിയമ്പാട് : സെമിനാരിപ്പടി പാലത്തിന്റെ നിർമാണം ഏകദേശം പൂർത്തിയായി. എന്നാൽ, പാലത്തിലേക്ക് കയറാനുള്ള അനുബന്ധറോഡ് നിർമിക്കാൻ സ്ഥലം ഏറ്റെടുപ്പുപോലും പൂർത്തിയായില്ല.
സമീപനപാത ഇല്ലാത്തതിനാൽ തടിയമ്പാട്, മുളകുവള്ളി മേഖലകളിലെ നൂറുകണക്കിന് ആളുകൾ ദിവസേന അധികദൂരം ചുറ്റി യാത്രചെയ്യേണ്ടിവരുകയാണ്.
തടിയമ്പാട്-മൃഗാശുപത്രിപ്പടി റോഡിൽനിന്ന് ഭൂമിയാംകുളം-മുളകുവള്ളി ഭാഗത്തേക്കുള്ള പാതയിൽ പാൽക്കുളം തോടിന് കുറുകേയാണ് ചെക്ക് ഡാമോടുകൂടിയ പാലം നിർമിക്കുന്നത്.
ഏകദേശം മൂന്നുകോടി രൂപ ചെലവിൽ ജലവിഭവവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് വർഷം മുമ്പ് പണി തുടങ്ങി. പാലം പൂർത്തിയായിട്ടുണ്ട്. സമീപനപാതയാണ് പ്രശ്നം,
ഇത് സംബന്ധിച്ച് പഞ്ചായത്തും വകുപ്പും നാട്ടുകാരും നിരവധി തവണ ചർച്ച ചെയ്തെങ്കിലും തീരുമാനമൊന്നും ആയില്ല. നിർമാണവുമായി ബന്ധപ്പെട്ട സ്കെച്ചുകളും മറ്റ് നടപടിക്രമങ്ങളും പൂർണമാകാത്തതും തടസ്സമായി തുടരുകയാണ്.
പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി പ്രസരണ ലൈൻ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.
പഴയ പാലം പൊളിച്ചുനീക്കിയതോടെ തടിയമ്പാട്–മുളകുവള്ളി ഭാഗത്തേക്കുള്ള നേരിട്ടുള്ള യാത്ര മുടങ്ങി.
നിലവിൽ അശോകക്കവല വഴി അധികദൂരം ചുറ്റിയാണ് പ്രദേശത്തേക്ക് എത്തേണ്ടത്. വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഉൾപ്പെടെ ദിവസേന യാത്രചെയ്യുന്നവർ ഏറെ ദുരിതത്തിലാണ്.
അപ്രോച്ച് റോഡിനായുള്ള സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കി പാലവും റോഡും വേഗത്തിൽ തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.