നിയന്ത്രണം നഷ്ടപ്പെട്ട കാർ കടയിലേക്ക് ഇടിച്ചുകയറി

കുഞ്ചിത്തണ്ണി : നിയന്ത്രണം നഷ്ടപ്പെട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റ രാജാക്കാട് സ്വദേശിനിയായ യുവതിയെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ബൈസൺവാലി ടൗണിലാണ് അപകടം നടന്നത്.
ചൊക്രമുടി ഭാഗത്തുനിന്ന് ബൈസൺവാലി ടൗണിൽ എത്തിയ രാജാക്കാട് സ്വദേശികൾ സഞ്ചരിച്ച കാർ ടൗണിലെ ഹോട്ടലിനു മുൻപിൽ കൊണ്ടുവന്ന് നിർത്തി. കയറി ഭക്ഷണം കഴിച്ച ശേഷം മുൻപോട്ടെടുത്ത കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വാനിലും മൂന്ന് ഇരുചക്ര വാഹനങ്ങളിലും ഇടിച്ച ശേഷം ടൗണിലെ വളക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന യുവതിക്കാണ് പരിക്കേറ്റത്.