ആശ്വാസം... പോബ്സ് എസ്റ്റേറ്റ് തുറക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

വണ്ടിപ്പെരിയാർ : വണ്ടിപ്പെരിയാറിലെ പ്രതിസന്ധിയിലായ പോബ്സ് തേയില എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ധാരണയായി.

തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ എസ്റ്റേറ്റ് മാനേജ്‌മെന്റും തൊഴിലാളി യൂണിയൻ നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

വിഷയത്തിൽ തൊഴിൽവകുപ്പിന്റെ ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ. സിറിയക് തോമസ് എം.എൽ.എ. തൊഴിൽവകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. മാതൃഭൂമിയും വാർത്ത നൽകിയിരുന്നു.

ഒരുവർഷമായി എസ്റ്റേറ്റ് പ്രവർത്തനമില്ലാതെ പൂട്ടിക്കിടക്കുകയും, തൊഴിലാളികൾക്ക് പതിനാല് മാസം ശമ്പളവും നാലാഴ്ചത്തെ ചിലവുകാശും ലഭിക്കാത്ത സാഹചര്യത്തിലുമാണ് തൊഴിൽമന്ത്രി യോഗം വിളിച്ചു ചേർത്തത്.

ഓണത്തിന് ഒരുമാസത്തെ ശമ്പളമെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന തൊഴിലാളികൾക്ക് ഇരുട്ടടിയാണ് ലഭിച്ചത്.

തൊഴിലാളികളുടെ വേതന കുടിശ്ശിക ഘട്ടംഘട്ടമായി നൽകാനും ധാരണയായി.

തൊഴിലാളികളുടെയും മാനേജ്‌മെന്റിന്റെയും സഹകരണത്തിലൂടെ തോട്ടം തുറന്ന് പ്രവർത്തിക്കുന്നതിനുള നടപടികൾ പൂർത്തീകരിക്കാൻ മന്ത്രി ബിന്ദു കൃഷ്ണ നിർദേശിച്ചു.

തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് (പി.എഫ്.) വിഹിതം അടയ്ക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നവും പരിഹരിക്കും.

കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള സമയക്രമവും വ്യവസ്ഥകളും നിശ്ചയിക്കാൻ യോഗം വിളിച്ചുചേർക്കുന്നതിന് ലേബർ കമ്മിഷണറെ ചുമതലപ്പെടുത്തി.

ഈവിഷയം സംബന്ധിച്ച് തൊഴിൽ വകുപ്പ് മന്ത്രി, ലേബർ കമ്മിഷണർ എന്നിവർക്ക് കേരള പ്ലാന്റേഷൻ ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് നേരത്തെ നിവേദനവും സമർപ്പിച്ചിരുന്നു.

ലേബർ കമ്മിഷണർ സഫ്‌ന നസറുദ്ദീൻ, അഡീഷണൽ ലേബർ കമ്മിഷണർ ബീനമോൾ വർഗീസ്, യൂണിയൻ പ്രതിധികളായ ഷാജി പൈനാടത്ത്, പി.ആർ. അയ്യപ്പൻ, ആർ. തിലകൻ, പി.കെ. രാജൻ, അഡ്വ. സോബിൻ സോമൻ, സുരേഷ് കുമാർ ഡി, എന്നിവരും മാനേജ്‌മെന്റ് പ്രതിനിധികളായ തോമസ് ജേക്കബ്, പ്രദീപ് കുമാർ എ.കെ, സുരേഷ് പി. വർഗീസ്, ഷോൺ എബ്രഹാം എന്നിവരും യോഗത്തിൽ പങ്കെടുത്തു.