കണ്ടറിഞ്ഞും പഠിച്ചും ഒരുദിനം; കുരുന്നുകൾക്ക് അറിവിന്റെ പുതിയലോകം

പോലീസ് സ്റ്റേഷനും പോസ്റ്റ് ഓഫീസും നേരിൽകണ്ട് പഠിച്ച് കരിമ്പൻ ഗവ. എൽ.പി. സ്കൂളിലെ വിദ്യാർഥികൾ

ചെറുതോണി : പാഠപുസ്തകങ്ങളിലെ അറിവുകൾ നേരിട്ടറിഞ്ഞ് കരിമ്പൻ ഗവ. എൽ.പി. സ്കൂളിലെ കുരുന്നുകൾ. എൽ.കെ.ജി. മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികളാണ് പഠനസന്ദർശനത്തിന്റെ ഭാഗമായി ഇടുക്കി പോലീസ് സ്റ്റേഷനും ചെറുതോണി പോസ്റ്റ് ഓഫീസും സന്ദർശിച്ചത്.

പോലീസ് സ്റ്റേഷനിൽ എത്തിയ കുട്ടികളെ എസ്.ഐ. ശ്യാമിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. പോലീസിന്റെ ദൈനംദിന ജോലികൾ, നിയമം പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവ അവർ കുട്ടികൾക്ക് വിശദീകരിച്ചുനൽകി.

ലാത്തി, ഷീൽഡ്, തോക്ക്, കൈവിലങ്ങ്, പോലീസ് സെൽ എന്നിവ കുട്ടികൾ കൗതുകത്തോടെ നേരിൽകണ്ടു.

തുടർന്ന് ചെറുതോണി പോസ്റ്റ് ഓഫീസിലെത്തിയ കുട്ടികൾ തപാൽ സംവിധാനത്തിന്റെ പ്രവർത്തനങ്ങളും കത്തുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നവിധവും അടുത്തറിഞ്ഞു.

സന്ദർശനത്തിന്റെ ഭാഗമായി ഇരു ഓഫീസുകളിലെയും ജീവനക്കാർ കുട്ടികൾക്ക് മധുരവും നൽകി. സ്കൂൾ പ്രഥമാധ്യാപകൻ സിബി കുരുവിള, പി.ടി.എ. പ്രസിഡന്റ് അനീഷ് ഉദയപ്പൻ, രക്ഷിതാക്കൾ എന്നിവർ യാത്രയ്ക്ക് നേതൃത്വംനൽകി.