നിയന്ത്രണങ്ങൾ വികസനത്തിന് തടയാകരുത്...

വണ്ണപ്പുറം വളരണം- 01

വണ്ണപ്പുറം : വനംവകുപ്പിന്റെ അനാവശ്യ നിയന്ത്രണങ്ങൾ കാരണം വണ്ണപ്പുറത്തിന്റെ വികസനം താളം തെറ്റുന്നുവെന്ന് ആരോപണം ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി. നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ല. സ്വന്തം പുരയിടത്തിൽ നട്ടുപരിപാലിക്കുന്ന മരങ്ങൾ മുറിക്കാൻ കഴിയില്ല. വിനോദസഞ്ചാരകേന്ദ്രങ്ങൾ വികസിപ്പിക്കാനും തടസ്സം.

എന്തെങ്കിലും നിർമാണം നടത്തിയാൽ കേസാകും. ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമെല്ലാം കേസെടുക്കുമ്പോൾ പിന്നെ എങ്ങനെ നാട്ടിൽ സമാധാനത്തോടെ ജീവിക്കുമെന്നും നാട് വികസിക്കുമെന്നും നാട്ടുകാർ ചോദിക്കുന്നു. വനസംരക്ഷണം ഉറപ്പായും വേണം. എന്നാൽ, മനുഷ്യരോട് കരുണയില്ലാതെ പെരുമാറരുതെന്നാണ് ഇവരുടെ ആവശ്യം.

പട്ടയത്തിലെ അവ്യക്തതയും പ്രശ്നം

പട്ടയം ഉണ്ടെങ്കിലും ചില നിബന്ധനകളും ഉപാധികളും പഞ്ചായത്തിലെ വ്യവസായിക, വാണിജ്യ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സംരംഭങ്ങൾ തുടങ്ങാനോ വാണിജ്യകെട്ടിടങ്ങൾ പണിയാനോ കഴിയാത്ത അവസ്ഥയാണ്. 1993, 1964 ചട്ടപ്രകാരം ലഭിച്ച പട്ടയഭൂമിയിൽ വ്യവസായിക, വാണിജ്യ കെട്ടിടങ്ങൾ പണിയാൻ അനുമതിയില്ലാത്തതാണ് പ്രശ്നം. ഇതിന് പരിഹാരം ഉണ്ടാകണം.

പട്ടയമില്ലാതെ 4,000 പേർ

ആറു പതിറ്റാണ്ടിലേറെയായി ഈ നാട്ടിൽ ജീവിക്കുന്ന നാലായിരത്തിലേറെപ്പേരുടെ ഭൂമിക്കാണ് പട്ടയമില്ലാത്തത്. ഏറെ നാളത്തെ കാത്തിരിപ്പിനും സമരങ്ങൾക്കും ഒടുവിൽ പട്ടയ നടപടികൾക്കായി കരിമണ്ണൂർ ഭൂപതിവ് ഓഫീസ് ഉദ്യോഗസ്ഥർ സർവേ തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ജീവനക്കാരുടെ കുറവാണ് പ്രശ്നം. സർവേ പൂർത്തിയായ ഇടങ്ങളിൽ ഇതുവരെ ആർക്കും പട്ടയം നൽകിയിട്ടില്ല. പട്ടയം കിട്ടുമെന്ന പ്രതീക്ഷ സഫലീകരിക്കാതെ ഒരു തലമുറ തന്നെ മൺമറഞ്ഞു. എന്നിട്ടും പട്ടയ നടപടികൾ വേഗത്തിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

ബസ്‌സ്റ്റാൻഡ് എവിടെ?

വണ്ണപ്പുറം ഹൈറേഞ്ച് കവലയ്ക്ക് അടുത്ത് പഞ്ചായത്തിന് ആധുനിക നിലവാരത്തിലുള്ള കെട്ടിടം പണിയാനായി ഇവിടെ പ്രവർത്തിച്ചിരുന്ന മാർക്കറ്റ് ഒഴിപ്പിച്ചു. രണ്ടുവർഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. തൊടുപുഴ, മൂവാറ്റുപുഴ, തൊമ്മൻകുത്ത്, ഹൈറേഞ്ച് ഭാഗങ്ങളിൽ നിന്നായി നൂറോളം ബസുകൾ എത്തുന്ന ടൗണിൽ ബസ്‌സ്റ്റാൻഡില്ല. ഹൈറേഞ്ച് റോഡിൽ ബസ്‌സ്റ്റാൻഡ് പണിയാൻ ഭൂമി ഏറ്റെടുക്കാൻ ആലോചനയുണ്ടെങ്കിലും ഒന്നും നടന്നിട്ടില്ല.