വെള്ളിയാമറ്റത്തിന്റെ വികസനസ്വപ്നങ്ങൾ

വെള്ളിയാമറ്റത്തിന്റെ ആകാശങ്ങൾ-2

വനംവകുപ്പിന്റെ കണക്കുപിഴവിലും ഗതാഗത പ്രതിസന്ധിയിലും കുടുങ്ങുന്നു

വെള്ളിയാമറ്റം : ജനസംഖ്യയുടെ 45 ശതമാനത്തിലധികം ഗോത്രവർഗവിഭാഗങ്ങൾ അധിവസിക്കുന്ന വെള്ളിയാമറ്റം പഞ്ചായത്തിൽ ഊരുകളുടെ എണ്ണത്തെച്ചൊല്ലി വനംവകുപ്പും പഞ്ചായത്തും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. കണക്കുകളിലെ ഈ ഭീമമായ വ്യത്യാസം മൂലം മേഖലയിലെ റോഡ് വികസനം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്.

ഊരുകളുടെ എണ്ണത്തിലെതർക്കവും യാത്രാദുരിതവും

വനംവകുപ്പിന്റെ കണക്കനുസരിച്ച് പഞ്ചായത്തിൽ ഏഴ് ഊരുകൾ മാത്രമാണുള്ളത്. എന്നാൽ, പഞ്ചായത്തിന്റെ ഔദ്യോഗിക രേഖകളിൽ ഇത് 21 ആണ്.

വനംവകുപ്പിന്റെ ചട്ടപ്രകാരം ഒരു ഊരിലേക്ക് റോഡ് നിർമിക്കാൻ 2.5 ഹെക്ടർ ഭൂമി മാത്രമേ വിട്ടുനൽകാൻ സാധിക്കൂ. ഇതോടെ ഏഴ് ഊരുകൾക്ക് മാത്രമായി 17.5 ഹെക്ടർ ഭൂമി മാത്രമേ റോഡിനായി ഉപയോഗിക്കാൻ അനുമതിയുള്ളൂ.

ഫലത്തിൽ ഭൂരിഭാഗം ഊരുകളിലേക്കുമുള്ള റോഡ് നിർമാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. പഞ്ചായത്തിന്റെ കണക്കിലുള്ള 21 ഊരുകളും അംഗീകരിച്ചാൽ മാത്രമേ മേഖലയിലെ ഗതാഗതപ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ.

റോഡുകൾ തോടുകളാണ്

പഞ്ചായത്തിലെ പ്രധാനറോഡായ തൊടുപുഴ-പൂമാല -കോഴിപ്പള്ളി-കുളമാവ് റോഡിന്റെ ശോചനീയാവസ്ഥ യാത്രക്കാരെ വലയ്ക്കുന്നു. തൊടുപുഴ മുതൽ പൂമാല വരെ റോഡ് ബി.എം.ബി.സി. നിലവാരത്തിൽ പുനരുദ്ധരിച്ചെങ്കിലും കോഴിപ്പള്ളി വരെയുള്ള ഭാഗം ഇപ്പോഴും തകർന്നുകിടക്കുകയാണ്.

2018-ലെ മഹാപ്രളയത്തിലും മലയിടിച്ചിലിലും തകർന്ന കോഴിപ്പള്ളി ഭാഗത്തെ റോഡ് ഇതുവരെ പുനർനിർമിച്ചിട്ടില്ല. ഇതോടെ തൊടുപുഴയിൽനിന്ന് പൂമാല-കുളമാവ് വഴി ഇടുക്കിയിലേക്ക് ബസ് സർവീസ് ആരംഭിക്കാനുള്ള സാധ്യത അനിശ്ചിതത്വത്തിലായി. ഇത് പ്രദേശത്തിന്റെ മൊത്തത്തിലുള്ള വികസനത്തെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. കൂടാതെ കറുകപ്പള്ളി-അമ്പലപ്പടി: വടക്കാനാറിനു കുറുകെ ഉയരം കുറഞ്ഞ ചപ്പാത്ത് ആണുള്ളത്. മഴക്കാലത്ത് ഈ ചപ്പാത്ത് മുങ്ങുന്നതിനാൽ ഇവിടെ പുതിയ പാലം നിർമിക്കണം.

കറുകപ്പള്ളി കവല-അറക്കുളം പുത്തൻ പള്ളി റോഡ് വീതി കൂട്ടണം. ഈ റോഡിലെ തകർന്ന കലുങ്ക് പണിയാൻ വൈകുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കുരുതിക്കളത്തേയ്ക്കുള്ള എളുപ്പവഴിയായ ഈ റോഡ് പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഏറ്റെടുത്തെങ്കിലും നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല.

'ഗ്രാമവണ്ടി' വേണം

വിശാലമായ ഭൂപ്രകൃതിയുള്ള വെള്ളിയാമറ്റം പഞ്ചായത്തിലെ ഉൾനാടൻ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പഞ്ചായത്ത് ആസ്ഥാനത്ത് എത്താൻ നിലവിൽ കിലോമീറ്ററുകൾ വളഞ്ഞുചുറ്റി യാത്ര ചെയ്യേണ്ട അവസ്ഥയാണുള്ളത്. ഇതിന് പരിഹാരമായി കെ.എസ്.ആർ.ടി.സി.യുമായി സഹകരിച്ച് 'ഗ്രാമവണ്ടി' സർവീസ് ആരംഭിക്കണമെന്ന് പഞ്ചായത്തവാസികൾ ആവശ്യപ്പെടുന്നു. മേത്തോട്ടി, നാളിയാനി, കോഴിപ്പള്ളി, പൂച്ചപ്ര, കരിപ്പിലങ്ങാട്, വെള്ളിയാമറ്റം, കാഞ്ഞാർ, കറുകപ്പിള്ളി കവല തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ച് സർവീസ് ആരംഭിച്ചാൽ സാധാരണക്കാരായ യാത്രക്കാർക്ക് അത് വലിയൊരാശ്വാസമാകും.

ഗോത്ര പൈതൃക കേന്ദ്രവും ഇൻസ്റ്റിറ്റ്യൂട്ടും

വിസ്മൃതിയിലാകുന്ന ഗോത്രകലകളും സംസ്കാരവും ആചാരങ്ങളും സംരക്ഷിക്കുന്നതിനായി വെള്ളിയാമറ്റത്ത് ഒരു 'ഗോത്രവർഗ്ഗ പൈതൃക കേന്ദ്രം' സ്ഥാപിക്കണമെന്ന ശക്തമായ ആവശ്യം ഉയരുന്നുണ്ട്.

പൂമാലയിലോ നാളിയാനിയിലോ ഈ കേന്ദ്രം സ്ഥാപിച്ച് ഇതിന് കൽപിത സർവകലാശാല പദവി നൽകണമെന്നാണ് ഊരു കൂട്ടങ്ങൾ ആവശ്യപ്പെടുന്നത്. സ്വദേശികളും വിദേശികളുമായ വിദ്യാർഥികൾക്കും ഗവേഷകർക്കും ഇവിടെ പഠന-പരിശീലന സൗകര്യങ്ങൾ ഒരുക്കണം.