മൂവാറ്റുപുഴ-തേനി പാതയ്ക്ക് ഭൂമിയേറ്റെടുക്കൽ തുടരുന്നു

കുമാരമംഗലം : മൂവാറ്റുപുഴ-തേനി സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കൽ നടപടികൾ തിങ്കളാഴ്ചയും തുടർന്നു. ഭൂമിയേറ്റെടുക്കൽ ചുമതലയുള്ള തഹസിൽദാരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
പെരുമാങ്കണ്ടംമുതൽ വഴക്കാല സ്കൂളിന് സമീപംവരെയുള്ള ഒന്നര കിലോമീറ്ററിലാണ് ഭൂമിയേറ്റെടുക്കൽ നടപടികൾ നടന്നത്. ഏറ്റെടുക്കുന്ന ഭൂമിയിലെ വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചുനീക്കി.
ഇനിയും തർക്കം നിലനിൽക്കുന്ന ഏതാനും ഭാഗങ്ങളുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഇടപെടും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ, കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജോബി മാത്യു തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി.വീട് നഷ്ടപ്പെട്ടവരെ താത്കാലികമായി വാടകവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പുനരധിവാസത്തിനുള്ള നടപടികൾ പിന്നീട് സ്വീകരിക്കുമെന്ന് കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.