ഇലപ്പള്ളി കുമ്പങ്കാനത്ത് റോഡരികിൽ വൻതോതിൽ മാലിന്യംതള്ളി

മൂലമറ്റം : ഇലപ്പള്ളി കുമ്പങ്കാനത്ത് റോഡരികിൽ വൻതോതിൽ മാലിന്യം തള്ളി. കള്ളുഷാപ്പിന് സമീപമാണ് വൻതോതിൽ വാഹനത്തിന്റെ ടയറുകളടക്കം തള്ളിയത്. ഇതു സംബന്ധിച്ച അറക്കുളം പഞ്ചായത്ത് കാഞ്ഞാർ പോലീസിൽ പരാതി നൽകി. സമീപത്തെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു.തൊടുപുഴ ഭാഗത്തുനിന്നാണ് വാഹനത്തിൽ മാലിന്യം കൊണ്ടുവന്നിട്ടതെന്നാണ് പ്രാഥമിക നിഗമനമെന്ന് പ്രസിഡന്റ് ഉഷാ ഗോപിനാഥ് പറഞ്ഞു. മാലിന്യം വൻതോതിൽ ഏറ്റെടുത്ത് പൊതു ഇടങ്ങളിലും മറ്റും തള്ളുന്ന ക്വട്ടേഷൻ സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നത്. മാലിന്യത്തിൽ നടത്തിയ പരിശോധനയിൽ ലഭിച്ച ബില്ലുകളും മറ്റും തൊടുപുഴയിൽനിന്നുള്ളതാണ്. വിശദമായ പരിശോധനയും നടപടിയുണ്ടാകുമെന്നും പ്രസിഡന്റ് അറിയിച്ചു. സെക്രട്ടറി മല്ലിക, അസി.സെക്രട്ടറി ജയരാജ്, പഞ്ചായത്തംഗങ്ങളായ പി.ഡി. സുമോൻ, ബിജു കാനകാടൻ, പുഷ്പകുമാർ, വി.സി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു സെബാസ്റ്റ്യൻ, ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.