പച്ചപ്പ് ഇല്ലാതാക്കല്ലേ നിങ്ങൾ

നാച്ചിവയൽ ചന്ദനക്കാട്ടിൽ മാലിന്യം; തീറ്റയാക്കി മൃഗങ്ങൾ

മറയൂർ : നാച്ചിവയൽ ചന്ദനക്കാട് മാലിന്യംതള്ളൽ കേന്ദ്രമായി മാറുന്നു. മറയൂർ ചന്ദനക്കാടുകളിൽ ഏറ്റവുംകൂടുതൽ ചന്ദനമരങ്ങളുള്ള വനമേഖലയാണിത്. മാനും മ്ലാവും കാട്ടുപോത്തും കുരങ്ങുമടക്കമുള്ളവ ധാരാളം കാണപ്പെടുന്ന മേഖലകൂടിയാണ്. നാച്ചിവയൽ ഗ്രാമത്തിന് സമീപമുള്ളചന്ദനക്കാട്ടിലാണ് മാലിന്യം തള്ളുന്നത്. പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യം വന്യജീവികൾ തിന്നുന്നത് പതിവാണ്. ഈ മേഖലയിലെത്തുന്ന വിനോദസഞ്ചാരികളും നാച്ചിവയൽ ഗ്രാമത്തിലുള്ളവരുമാണ് ഈ മേഖലയിൽ മാലിന്യം തള്ളുന്നത്.

ചിന്നക്കനാലിൽ ഒൻപത് സ്ഥാപനത്തിന്‌1.78 ലക്ഷം രൂപ പിഴ; പീരുമേട്ടിൽ 15,000

തൊടുപുഴ : തദ്ദേശവകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡും ചിന്നക്കനാൽ പഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനയിൽ ഒൻപത് സ്ഥാപനത്തിനെതിരേ നടപടി. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് റിസോർട്ടുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്നായി 1,78,000 രൂപ പിഴ ചുമത്തി. മലിനജലം ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിയതിനും പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനും മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിഞ്ഞതിനുമാണ് പ്രധാനമായും നടപടിയെടുത്തത്.

ഗ്യാപ് റോഡിൽ മിസ്റ്റി മൂന്നാർ, ഗ്യാപ് വാലി, മിസ്റ്റി ക്യാബിൻ, ക്ലൗഡ് ഡെയിൽ, ഗ്രേറ്റ് എസ്കേപ്സ് റിസോർട്ട്, വ്യൂ മൂന്നാർ റിട്രീറ്റ് എന്നിവിടങ്ങളിലാണ് പിഴ ചുമത്തിയത്. ആനയിറങ്കൽ പരിസരത്തെ വഴിയോരക്കടകളിലും പരിശോധന നടത്തി. ഈ സ്ഥാപനങ്ങൾ നിയമലംഘനങ്ങൾ തുടരുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പഞ്ചായത്തിനെ ചുമതലപ്പെടുത്തി.

പാമ്പനാർ മാർക്കറ്റിലെ മാതാ സ്റ്റോറിൽനിന്ന് 107 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. ഇതിന് 15,000 രൂപ പിഴ ചുമത്തി. വരുംദിവസങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു.