പാർക്കിങ് കേന്ദ്രത്തിന് സർക്കാർ ഭൂമിയില്ലെന്ന് റവന്യൂ റിപ്പോർട്ട്

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരമില്ല

മൂന്നാർ : പ്രതിദിനം ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന മൂന്നാറിൽ പാർക്കിങ് കേന്ദ്രം നിർമിക്കുന്നതിനായി സർക്കാർ ഭൂമി ലഭ്യമല്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്.

ഇതോടെ മൂന്നാർ ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാനുള്ള മൂന്നാർ പഞ്ചായത്തിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയായി.

ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനപ്രകാരം ജില്ലാകളക്ടർ നൽകിയ നിർദേശത്തെത്തുടർന്ന് ദേവികുളം തഹസിൽദാറുടെ നേതൃത്വത്തിൽ ഫീൽഡ് സർവേ നടത്തി തയ്യാറാക്കിയ റിപ്പോർട്ടിലാണ് മൂന്നാർ വില്ലേജ് പരിധിയിൽ അനുയോജ്യമായ റവന്യൂഭൂമിയില്ലെന്ന് വ്യക്തമാക്കുന്നത്. റിപ്പോർട്ട് ജില്ലാ കളക്ടർക്കും പഞ്ചായത്ത് പ്രസിഡന്റിനും കൈമാറി.

നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും യാത്രാദുരിതത്തിന് പരിഹാരമായി അത്യാധുനിക മൾട്ടിലെവൽ പാർക്കിങ് സമുച്ചയം നിർമിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടിരുന്നത്.

ഇതിനായി അനുയോജ്യമായ സ്ഥലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുമ്പ് മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. എന്നാൽ, റവന്യൂഭൂമിയുടെ അഭാവം പദ്ധതിയെ അനിശ്ചിതത്വത്തിലാക്കി.

നിലവിൽ മൂന്നാറിലെ ഭൂരിഭാഗം ഭൂമിയുടെയും കൈവശാധികാരമുള്ള കെ.ഡി.എച്ച്.പി. കമ്പനിയുമായി സർക്കാർതലത്തിൽ ചർച്ച നടത്തി ഭൂമി ലഭ്യമാക്കിയാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയൂവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. റോഡരികിലെ അനധികൃത പാർക്കിങ്ങും ഇടുങ്ങിയ റോഡുകളുമാണ് ടൗണിൽ ഗതാഗതതടസ്സം സൃഷ്ടിക്കുന്നത്.

ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര സർവീസുകൾ പോലും വഴിയിൽ കുടുങ്ങുന്നത് പതിവാണ്. പാർക്കിങ് സൗകര്യം വിപുലീകരിക്കാതെ നിലവിലെ ട്രാഫിക് നിയന്ത്രണങ്ങൾകൊണ്ട് താത്കാലിക ആശ്വാസം മാത്രമേ ലഭിക്കൂ എന്ന് ടൂറിസംമേഖലയിലുള്ളവരും വ്യക്തമാക്കുന്നു.