മാട്ടുപ്പെട്ടിയിലെ കന്നുകാലി വികസനകേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും- മന്ത്രി ബിന്ദുകൃഷ്ണ

മൂന്നാർ : മാട്ടുപ്പെട്ടിയിലെ കന്നുകാലി വികസന കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രമാക്കി ഉയർത്തുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ. കെ.എൽ.ഡി.ബി മാട്ടുപ്പെട്ടിയിൽ സ്ഥാപിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സെന്റർ ഫോർ അഡ്വാൻസ്മെന്റ് ഇൻ ലൈവ്സ്റ്റോക്ക് പ്രൊഡക്ടിവിറ്റി ആൻഡ് റിസർച്ചിന്റെ തറക്കല്ലിടലും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
മാട്ടുപ്പെട്ടിയിലെ കന്നുകാലി വികസന കേന്ദ്രത്തെ വികസിപ്പിക്കുന്നതിനുള്ള കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. അതിലൂടെ അന്താരാഷ്ട്ര ഗവേഷക വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ആധുനികവത്കരണത്തിലൂടെ ഈ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലാക്കും. പുതിയ സംരംഭങ്ങൾ ആരംഭിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ടൂറിസ്റ്റുകളെ കൂടി ആകർഷിക്കാൻ കഴിയുന്ന വിധത്തിൽ കേന്ദ്രം വികസിപ്പിക്കുമെന്നും കേന്ദ്രത്തിന്റെ സംരക്ഷണവും വികസനവും വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
അടുത്ത മൂന്ന് വർഷത്തിനകം കേരളത്തിലെ പാൽ ഉത്പാദനം ഒരു കോടി ലിറ്ററായി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ആ ലക്ഷ്യപ്രാപ്തി കൂടി മുൻ നിറുത്തി മാട്ടുപ്പെട്ടിയിലെ ഗവേഷണ കേന്ദ്രത്തെ കൂടുതൽ വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു .
ചടങ്ങിൽ എഫ്.രാജ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ശരണ്യ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ, ജില്ലാ പഞ്ചായത്തംഗം സി. നെൽസൺ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, കെ. എൽ. ഡി. ബോർഡ് എം.ഡി. ഡോ. ആർ. രാജീവ് ,കോഴിക്കോട് എൻ ഐടി അസോസിയേറ്റ് പ്രൊഫസർ ഡോ. ചിത്ര, കെ എൽ ഡിബി മാട്ടുപ്പെട്ടി മാനേജർ ഡോ. കേശവദാസ് വി.പി ,സി.പി. മാത്യു, മലയാലപ്പുഴ ജ്യോതിഷ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു.