പാഞ്ചാലിമേട്ടിലേക്കുള്ള റോഡ് തകർന്നു

പെരുവന്താനം : പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്ടിലേക്കുള്ള വഴി ആകെ തകർന്നുകിടക്കുകയാണ്.

മുപ്പത്തിയഞ്ചാം മൈലിൽനിന്ന്‌ പാലൂർക്കാവ്- തെക്കേമല വഴി പാഞ്ചാലിമേട്ടിലെത്തുന്ന റോഡാണിത്.

മുപ്പത്തിയഞ്ചാം മൈൽ മുതൽ തെക്കേമല വരെയുള്ള ഭാഗം ആധുനിക നിലവാരത്തിലാണുള്ളത്. എന്നാൽ, തെക്കേമല മുതൽ പാഞ്ചാലിമേട് വരെ അഞ്ച് കിലോമീറ്ററോളം ദൂരം റോഡ് പൂർണമായും തകർന്നനിലയിലാണ്.

സഞ്ചാരികൾക്ക്‌ ഇപ്പോൾ പാഞ്ചാലിമേട്ടിൽ എത്തണമെങ്കിൽ മുണ്ടക്കയത്തുനിന്ന്‌ ദേശീയപാതയിലൂടെ മുറിഞ്ഞപുഴയെത്തി ആറ് കിലോമീറ്റർ അധികം സഞ്ചരിക്കണം.

റോഡ് ഗതാഗതയോഗ്യമാക്കിയാൽ ദേശീയപാതയ്ക്ക് സമാന്തരമായും പാത ഉപയോഗിക്കാം.

പലപ്പോഴും ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ ഈ വഴിയാണ് വാഹനങ്ങൾ കടത്തിവിടാറുള്ളത്.

എന്നാൽ, റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായതോടെ ഇതിലേയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്.

റോഡിന്റെ പല ഭാഗങ്ങളും ടാറിങ് പൂർണമായും തകർന്ന് മെറ്റലുകൾ നിരന്നുകിടക്കുന്ന അവസ്ഥയുണ്ട്.

കുത്തിറക്കവും കൊടുംവളവുമുള്ള റോഡിലെ കുഴികളിൽവീണ് ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപെടുന്നതും പതിവാണ്.

മഴപെയ്യുന്നതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുകയും വഴി പരിചയമില്ലാത്ത വാഹന യാത്രക്കാർ കുഴിയിൽവീണ് അപകടമുണ്ടായി പരിക്കേൽക്കുന്നതും പതിവാണ്.

റോഡ് തകർന്നതോടെ ഇതിലെ ഓടിയിരുന്ന കെ.എസ്.ആർ.ടി.സി. ബസും സർവീസ് നിർത്തി. ഇപ്പോൾ മുണ്ടക്കയത്തുനിന്ന്‌ തെക്കേമലവരെ മാത്രമാണ് ബസ് സർവീസുള്ളത്.

ഇതിന് മുകൾഭാഗത്ത് താമസിക്കുന്ന ആളുകൾ ഓട്ടോറിക്ഷയോ, സ്വകാര്യ ടാക്സി വാഹനങ്ങളോ ആണ് ആശ്രയിക്കുന്നത്. റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാൻ വേണ്ട നടപടികളാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.