മനുഷ്യർക്കും മൃഗങ്ങൾക്കുംഒരേ കുഴിവെള്ളം

മറയൂർ : കേരള–തമിഴ്നാട് അതിർത്തിയിലെ ചിന്നാർ വന്യജീവിസങ്കേതത്തിനുള്ളിൽ കഴിയുന്ന മാങ്ങാപ്പാറക്കുടിയിലെ ഗോത്രകുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ.

ശുദ്ധജലത്തിന്റെ ഒരുതുള്ളിപോലും ലഭിക്കാതെ കുടിക്ക് സമീപത്തെ കുഴിയിലെ അഴുക്കുവെള്ളമാണ് ഇപ്പോൾ ഇവരുടെ ഏക ആശ്രയം. വന്യജീവികളും ഉപയോഗിക്കുന്ന ഈ കുഴിയിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കേണ്ട ഗതികേടിലാണ് 20 കുടുംബങ്ങൾ.

കുടിയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ചോലയിൽനിന്ന് പൈപ്പിലൂടെ വെള്ളമെത്തിച്ചിരുന്നതാണ് ഏക ആശ്വാസം. എന്നാൽ വേനൽ കടുത്തതോടെ നീരുറവകൾ വറ്റുകയും കാട്ടാനകളടക്കമുള്ള വന്യജീവികൾ പൈപ്പുകൾ തകർക്കുകയും ചെയ്തു. അതോടെ വെള്ളവിതരണം നിലച്ചു. പൈപ്പ് പുനഃസ്ഥാപിക്കാൻ ചെലവ് ആവശ്യമായതിനാൽ പദ്ധതി പുനരാരംഭിക്കാനും കഴിഞ്ഞിട്ടില്ല.

കടുത്തവേനലിൽ കുഴിയിലെ വെള്ളവും കുറഞ്ഞതോടെ കുടിക്കാരുടെ ദുരിതം രൂക്ഷമായി. മനുഷ്യരും വന്യജീവികളും ഒരുപോലെ ആശ്രയിക്കുന്ന വെള്ളമാണ് ഇപ്പോൾ ഇവരുടെ കുടിവെള്ള സ്രോതസ്സ്. മഴയില്ലാത്തതിനാൽ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഈ പ്രദേശത്ത് ആറുമാസത്തിലേറെയായി കാര്യമായ മഴ ലഭിച്ചിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കടുത്ത ചൂടിൽ കൃഷിയും ഉണങ്ങി. പുതിയ കൃഷിയിറക്കാനും കഴിയാത്ത അവസ്ഥയാണ്.

പദ്ധതികൾ പലതുണ്ടായിട്ടും...

സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ ലഭ്യമാകാത്തതിന്റെ പരാതിയും കുടിക്കാർക്കുണ്ട്. കുടിവെള്ള പദ്ധതിക്കു പുറമെ ലൈഫ് ഭവനപദ്ധതിയിലോ മറ്റ് ഭവനപദ്ധതികളിലോ ഒരു വീടുപോലും ഇവിടെ നിർമിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. മൺവീടുകളിലും ടാർപ്പായ വലിച്ചുകെട്ടിയ വീടുകളിലുമാണ് കുടുംബങ്ങൾ കഴിയുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനൊപ്പം കുടിവെള്ളം പോലും ലഭിക്കാത്ത സ്ഥിതി വന്നതോടെ മാങ്ങാപ്പാറക്കുടിയിലെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.

അടിയന്തര ഇടപെടൽ വേണം

കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുകയും തകർന്ന പൈപ്പ്‌ലൈൻ പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് കുടിക്കാരുടെ ആവശ്യം. സ്ഥിരമായ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനൊപ്പം ഭവനം, കൃഷി, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാനും നടപടി വേണമെന്നാണ് ആവശ്യം.