ഇടിഞ്ഞുവീഴാതെ കാക്കണേ...

ഇടുക്കി മെഡിക്കൽ കോളേജ് റോഡ് ദുരന്തഭീഷണിയിൽ

ചെറുതോണി : ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആംബുലൻസ് ചീറിപ്പാഞ്ഞു വരുമ്പോൾ റോഡിലേക്ക് കൽക്കെട്ടിടിഞ്ഞ് വീണാലോ. പേടി തോന്നുന്നുണ്ടല്ലേ. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇടുക്കി മെഡിക്കൽ കോളേജിന്റെ പ്രവേശന കവാടത്തിൽ ഇത്തരമൊരു ദുരന്തമുണ്ടാകാൻ സാധ്യത ഏറെയാണ്.

തൊടുപുഴ-ചെറുതോണി പ്രധാനപാതയിൽനിന്ന് 300 മീറ്റർ മാത്രം അകലെയുള്ള ആശുപത്രി റോഡിൽ കൽക്കെട്ടും റോഡിന്റെ പാർശ്വഭാഗവും തകർച്ചയുടെ വക്കിലാണ്. ദിവസേന രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും ജീവനക്കാരും സന്ദർശകരും ആശ്രയിക്കുന്ന ഏക പ്രവേശനവഴിയാണിത്.

ഗർത്തവും പ്രശ്‌നം

ആശുപത്രി പ്രവേശനകവാടത്തിന് സമീപം റോഡിന്റെ വലതുവശത്തുള്ള കൽക്കെട്ട് ഏറെക്കാലമായി ദുർബലാവസ്ഥയിലാണ്. കൽക്കെട്ടിന് മുകളിലും പരിസരത്തും സസ്യങ്ങൾ വളർന്നതും പലഭാഗങ്ങളിലും ഘടനയ്ക്ക് ബലക്ഷയം സംഭവിച്ചതും ആശങ്ക വർധിപ്പിക്കുന്നു. ശക്തമായമഴയും വെള്ളത്തിന്റെ ഒഴുക്കും തുടരുന്നതിനാൽ ഏതു സമയത്തും കൽമതിൽ റോഡിലേക്ക് തകർന്നുവീഴാനുള്ള സാധ്യതയുണ്ട്. കൽക്കെട്ട് തകർന്നാൽ ആശുപത്രിയിലേക്കുള്ള ഗതാഗതം തടസ്സപ്പെടുന്നതിനൊപ്പം വലിയ അപകടത്തിനും ഇടയാക്കും.

പ്രവേശനകവാടത്തിന് സമീപം റോഡിന്റെ ഇടതുവശത്ത് രൂപപ്പെട്ട വൻ ഗർത്തവും അപകടഭീഷണി ഉയർത്തുന്നു. റോഡിന്റെ പാർശ്വഭാഗം ഇടിഞ്ഞതിനെ തുടർന്നുണ്ടായ ഗർത്തം വളവിനോട് ചേർന്നായതിനാൽ എതിർദിശയിൽനിന്നെത്തുന്ന വാഹനങ്ങൾക്ക് നേരത്തേ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രിയിലും മഴയുള്ള സമയങ്ങളിലും അപകടസാധ്യത കൂടുതലാണ്.

​മരക്കമ്പും റിബണും രക്ഷ

അപകടസാധ്യതയുള്ള ഭാഗത്ത് മരക്കമ്പുകളും റിബണും ഉപയോഗിച്ച് താത്ലി‌കാലിക മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ട് ആറുമാസത്തിലേറെയായി. എന്നാൽ, സ്ഥിരം പരിഹാരത്തിന് ഇതുവരെ നടപടിയുണ്ടായിട്ടില്ല. റോഡിന്റെ പാർശ്വഭാഗം ശാസ്ത്രീയമായി സംരക്ഷിച്ച് ഗർത്തം സുരക്ഷിതമായി നികത്തുകയും കൽക്കെട്ടിന്റെ ബലം പരിശോധിച്ച് ആവശ്യമായ പുനർനിർമാണം നടത്തുകയും വേണമെന്നാണ് ആവശ്യം.

ആശുപത്രിയിലേക്കുള്ള ഏക പ്രവേശനവഴിയായതിനാൽ സാധാരണ അറ്റകുറ്റപ്പണികൾക്കപ്പുറം അടിയന്തരവും ശാശ്വതവുമായ പരിഹാരം വേണം.

ബന്ധപ്പെട്ട പൊതുമരാമത്ത്, തദ്ദേശസ്ഥാപന, ആശുപത്രി അധികൃതർ സംയുക്തമായി സ്ഥലപരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മഴക്കാലത്ത് സ്ഥിതി കൂടുതൽ വഷളാകുന്നതിന് മുമ്പ് നടപടി ഉണ്ടായില്ലെങ്കിൽ ആശുപത്രിയിലേക്കുള്ള പ്രവേശനവഴി തന്നെ വലിയ ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്.