രോഗികളുടെ സുരക്ഷയ്ക്കായൊരു ദിനം; വേൾഡ് പേഷ്യന്റ് സേഫ്റ്റി ഡേ

Representative Image | Photo: Canva.com
Representative Image | Photo: Canva.com

ലോക രോ​ഗി സുരക്ഷാദിനമാണ് ഇന്ന്. രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ലോകാരോ​ഗ്യസംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സെപ്തംബർ പതിനേഴ്  ലോക രോ​ഗി സുരക്ഷാദിനമായി ആചരിക്കാറുണ്ട്. ലോകമെങ്ങും വിവിധ വിധത്തിലുള്ള ബോധവത്കരണ പരിപാടികളോടെയാണ് ലോക രോ​ഗി സുരക്ഷാദിനം ആചരിക്കാറുള്ളത്.

2019ൽ എഴുപത്തിരണ്ടാം ലോകാരോ​ഗ്യ അസംബ്ലിയിലാണ് രോ​ഗി സുരക്ഷയ്ക്കായി ദിനം ആചരിക്കാനുള്ള തീരുമാനത്തിലെത്തുന്നത്. രോ​ഗികൾ അഭിമുഖീകരിക്കുന്ന അപകടസാധ്യതകൾ ഒഴിവാക്കി അവർക്ക് സുരക്ഷ ഉറപ്പുവരുത്തുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. 

ചികിത്സയിലെ പിഴവും സുരക്ഷിതമല്ലാത്ത രീതികളും വഴിയുണ്ടാകുന്ന പ്രശ്നങ്ങളെ ഒഴിവാക്കാനും രോ​ഗികൾക്ക് ചികിത്സാ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ് ദിവസം ആചരിക്കുന്നത്. മെ‍ഡിക്കേഷൻ സേഫ്റ്റി അഥവാ സുരക്ഷിതമായ ചികിത്സ എന്നതാണ് ഇത്തവണത്തെ ലോക രോ​ഗി സുരക്ഷാ ആപ്തവാക്യം. 

ലോകത്ത് പലയിടങ്ങളിലും സുരക്ഷിതമല്ലാത്ത ചികിത്സാരീതികൾ മൂലം ദുരിതങ്ങൾ അനുഭവിക്കുന്നവരുണ്ട്. മോശമായ ചികിത്സാ സംവിധാനത്തോടൊപ്പം രോ​ഗിയുടെ ആരോ​ഗ്യം ദുർബലമായ പാരിസ്ഥിതിക സാഹചര്യങ്ങൾ, ഹോസ്പിറ്റൽ നടത്തിപ്പിലെ പിഴവുകൾ തുടങ്ങിയവയൊക്കെ രോ​ഗിയെ ദുരിതത്തിലാഴ്ത്തുകയും മരണത്തിൽ വരെ കൊണ്ടെത്തിക്കുകയും ചെയ്തേക്കാം. കോവിഡ് മഹാമാരിക്കാലത്ത് ഇതിന് സമാനമായ സാഹചര്യം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വർഷത്തെ ലോക രോ​ഗി സുരക്ഷാ ദിനത്തിന് മെഡിക്കേഷൻ സേഫ്റ്റി എന്ന തീം നൽകിയത്.

Content Highlights: world patient safety day