എത്രയാണ് 'നോർമൽ ബ്ലഡ് ഷുഗർ ലെവൽ'? വീട്ടിൽ ഷുഗർ നോക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

#Health Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് പ്രമേഹം. ലോകാരോഗ്യ സംഘടന നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് പ്രമേഹരോഗ വളർച്ചയ്ക്ക് കാരണമായ പ്രധാന ഘടകം. ഭക്ഷണക്രമവും ഇക്കാര്യത്തിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട്.

എത്രയാണ് നോർമൽ ബ്ലഡ് ഷുഗർ?

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സൂചിപ്പിക്കുന്നതാണ് ബ്ലഡ് ഷുഗർ ലെവൽ. നിങ്ങൾക്ക് പ്രമേഹമുണ്ടാകാൻ സാധ്യതയുണ്ടോ അല്ലെങ്കിൽ പ്രമേഹ രോഗിയാണോ എന്ന് ഈ അളവ് സൂചിപ്പിക്കുന്നു. ഒരു ആരോഗ്യവാനായ മുതിർന്ന വ്യക്തിക്ക് ഫാസ്റ്റിങ് ബ്ലഡ് ഷുഗർ ലെവർ 70-100mg/dL ഇടയിൽ ആയിരിക്കണം. ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം ഈ അളവ് 140 mg/dL-ൽ താഴെയായിരിക്കണം.

വിവിധ തരം പ്രമേഹങ്ങള്‍ 

ടൈപ്പ് 1 പ്രമേഹം: കുട്ടികളിലും യുവാക്കളിലും ഈ തരത്തിലുള്ള പ്രമേഹം സാധാരണയായി കണ്ടുവരുന്നു. ഇതില്‍ പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ പ്രതിരോധ സംവിധാനം തെറ്റായി ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. തല്‍ഫലമായി, ശരീരത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയില്ല, ഇത് ബാഹ്യ ഇന്‍സുലിന്‍ കുത്തിവയ്പ്പുകളെ ആശ്രയിക്കുന്നതിലേക്ക് നയിക്കുന്നു.

ടൈപ്പ് 2 പ്രമേഹം: ഇത് ഏറ്റവും സാധാരണമായി കാണുന്ന പ്രമേഹ വിഭാഗമാണ്. ഇതില്‍ ശരീരത്തിന് ഇന്‍സുലിന്‍ ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഇത് ഇന്‍സുലിന്‍ പ്രതിരോധം എന്നറിയപ്പെടുന്നു. കാലക്രമേണ, പാന്‍ക്രിയാസിന് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വന്നേക്കാം. ജീവിതശൈലി പ്രശ്‌നങ്ങള്‍, ജനിതക ഘടന, പൊണ്ണത്തടി എന്നിവ ഇതിന് കാരണമായേക്കാവുന്ന ഘടകങ്ങളാണ്.

ഗര്‍ഭകാല പ്രമേഹം: ഗര്‍ഭകാലത്ത് സംഭവിക്കുന്ന, ഗര്‍ഭകാല പ്രമേഹം ചില സ്ത്രീകളെ ബാധിക്കുന്നു. പ്രസവശേഷം ഇത് സാധാരണയായി പരിഹരിക്കപ്പെടുമ്പോള്‍, അമ്മയ്ക്കും കുട്ടിക്കും പിന്നീട് ജീവിതത്തില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

വീട്ടിൽ ഷുഗർ നോക്കുമ്പോൾ ഇവ ശ്രദ്ധിക്കാം

  • വീട്ടിൽ ടെസ്റ്റ് ചെയ്യുമ്പോൾ അത് നോട്ട് ചെയ്യുന്നത് നല്ലതാണ്. ഇത് പിന്നീടുള്ള ചികിത്സയ്ക്ക് സഹായിക്കും. ‌
  • ടെസ്റ്റ് ചെയ്യുന്നതിന് മുമ്പ് വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. വൃത്തിയുള്ള കൈകൾ അണുബാധ ഒഴിവാക്കാൻ സഹായിക്കും. കൈകൾ കഴുകാൻ സാധിച്ചില്ലെങ്കിൽ വിരൽത്തുമ്പ് വൃത്തിയാക്കാൻ ഒരു ആൽക്കഹോൾ സ്വാബ് ഉപയോഗിക്കാം.
  • പരിശോധനയ്ക്കായി ഒരു വിരൽ തിരഞ്ഞെടുക്കുക. സാധാരണയായി വിരൽത്തുമ്പിൻ്റെ വശങ്ങളിൽ വേദന കുറവായിരിക്കും.
  • ടെസ്റ്റ് സ്ട്രിപ്പുകളുടെ കാലാവധി(Expiry Date) നിർബന്ധമായും പരിശോധിക്കുക.
  • ടെസ്റ്റ് സ്ട്രിപ്പിൻ്റെ രക്തം പുരട്ടാനുള്ള ഭാഗത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

അമിതവണ്ണം

അമിതഭാരം ശരീരത്തെ സംബന്ധിച്ച് ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശേഷി കുറയ്ക്കുന്നു. വയറിൽ കൊഴുപ്പ് കൂടുന്നതും ആരോഗ്യത്തെ ബാധിക്കും.

ഭക്ഷണശീലം

ഉയർന്ന അളവിൽ മധുരം, ഉപ്പ്, അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം മെറ്റബോളിക് പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കാത്തതും മെറ്റബോളിസത്തെ ബാധിക്കും. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ സമീകൃതമായ ഭക്ഷണക്രമം പ്രമേഹം ഒഴിവാക്കാന്‍ സഹായിക്കും.

വ്യായാമം

വ്യായാമമില്ലാത്തതും സ്ക്രീൻ സമയം കൂടുന്നതും മെറ്റബോളിക് പ്രവർത്തനം കുറയ്ക്കും. ദിവസവും 30 മിനിറ്റ് നടക്കല്‍ അല്ലെങ്കില്‍ നീന്തല്‍ പോലുള്ള ലളിതമായ വ്യായാമങ്ങള്‍ പോലും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും.

ജനിതക പ്രശ്നങ്ങൾ

മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ടൈപ്പ് 2 പ്രമേഹം ഉണ്ടെങ്കിൽ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. അനാരോഗ്യകരമായ ജീവിതശൈലികൂടെയുണ്ടെങ്കിൽ പ്രമേഹസാധ്യത കൂടുതലാണ്. ഇത്തരം ആളുകൾ പരിശോധന കൃത്യമാക്കേണ്ടതാണ്.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: How to perform a blood sugar test at home.