ഇൻഷുറൻസ് തട്ടിപ്പ്: 10 മണിക്കൂർ ഡ്രൈ ഐസിൽ കാൽവെച്ചു, ലക്ഷ്യം 12 കോടി; യുവാവിന് ഇരുപാദങ്ങളും നഷ്ടമായി

ഇൻഷുറൻസ് കമ്പനികളെ വഞ്ചിക്കാൻ ലക്ഷ്യമിട്ട് മനഃപൂർവം തന്റെ കാലുകൾ ഡ്രൈ ഐസിൽ വെച്ച് മരവിപ്പിച്ച തായ്വാൻ സ്വദേശിയുടെ രണ്ട് പാദങ്ങളും മുറിച്ചുമാറ്റേണ്ടിവന്നു. തായ്‌പേയിലെ ഒരു യൂണിവേഴ്സിറ്റി വിദ്യാർഥിയായ ഷാങിനാണ് അപകടമുണ്ടായത്. ഇൻഷുറൻസ് ലഭിക്കുന്നതിനായി 10 മണിക്കൂർ നേരം ഷാങ് തന്റെ കാലുകൾ ഐസിൽ വെച്ചതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇയാൾ അഞ്ച് വ്യത്യസ്ത കമ്പനികളിൽ നിന്ന് ഇൻഷുറൻസ് എടുത്തിരുന്നു. ആരോഗ്യം, ജീവൻരക്ഷാ, അപകടം, ദീർഘകാല പരിചരണം, യാത്രാ ഇൻഷുറൻസ് എന്നിവ ഉൾക്കൊള്ളുന്ന ഒന്നിലധികം പോളിസികളാണ് യുവാവ് എടുത്തത്. തുടർന്ന്, 2023-ലാണ് ഷാങ് തന്റെ മുൻ സഹപാഠി ലിയാവോയുമായി ചേർന്ന് ഒരു അപകടം വ്യാജമായി സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തുന്നത്.
അതിനായി ഇരുവരും ഡ്രൈ ഐസ് വാങ്ങുകയും ഷാങ് തന്റെ പാദങ്ങൾ ഒരു ബക്കറ്റ് ഡ്രൈ ഐസിലേക്ക് വെയ്ക്കുകയുമായിരുന്നു. ഗൂഢാലോചനയിൽ നിന്ന് പിന്മാറാതിരിക്കാൻ ലിയാവോ തന്റെ സുഹൃത്തിനെ പ്ലാസ്റ്റിക് സ്ട്രാപ്പുകൾ ഉപയോഗിച്ച് ഒരു കസേരയിൽ കെട്ടിയിടുകയും ചെയ്തു. പുലർച്ചെ രണ്ട് മുതൽ അടുത്ത ദിവസം ഉച്ചയ്ക്ക് 12 വരെ ഷാങ് ഇതേ ഇരുപ്പിൽ ഇരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ഈ പ്രവൃത്തിയുടെ എല്ലാം ഫോട്ടോകളും വീഡിയോകളും ലിയാവോ എടുത്തിരുന്നു. രണ്ട് ദിവസത്തിനുശേഷം ഫ്രോസ്റ്റ്ബൈറ്റ്(frostbite), ബോൺ നെക്രോസിസ്(bone necrosis), സെപ്‌സിസ്(sepsis) എന്നീ പ്രശ്നങ്ങളുമായി ഷാങ് ആശുപത്രിയിലെത്തി. തുടർന്ന്, ഗുരുതരമായി പരിക്കേറ്റ ഇയാളുടെ രണ്ട് പാദങ്ങളും മുറിച്ചുമാറ്റേണ്ടി വന്നു. മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുമ്പോൾ ഫ്രോസ്റ്റ്ബൈറ്റ് ഉണ്ടായെന്നായിരുന്നു ഷാങ് ഡോക്ടർമാരോട് പറഞ്ഞത്. ചർമവും അതിനിടയിലുള്ള ടിഷ്യൂകളും തണുത്തുറയുന്നത് മൂലമുണ്ടാകുന്ന പരിക്ക് ആണ് ഫ്രോസ്റ്റ്ബൈറ്റ്.
12.08 കോടി രൂപയുടെ ഇൻഷുറൻസ് ക്ലെയിമുകളാണ് ഇവർ കമ്പനികൾക്ക് മുന്നിൽ സമർപ്പിച്ചത്. ഒരു കമ്പനി ചെറിയ തുക നൽകിയത് ഒഴിച്ചാൽ മറ്റ് കമ്പനികളെല്ലാം പൊരുത്തക്കേടുകൾ കണ്ടെത്തുകയും കേസ് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
Content Highlights: A Taiwanese student lost both legs after a failed insurance fraud attempt