ആലപ്പുഴയിൽ പന്നിപ്പനി പടരുന്നു, ലക്ഷണം പക്ഷിപ്പനിക്കു സമാനം; ഒരാഴ്ചയ്ക്കിടെ 14 രോഗികൾ

ആലപ്പുഴ: കാക്കകളിലും കൊക്കിലും പക്ഷിപ്പനി വ്യാപിക്കുന്നതിനിടെ മനുഷ്യരിൽ പന്നിപ്പനി (എച്ച് 1 എൻ 1) പടരുന്നതിൽ ആശങ്ക. ഒരാഴ്‌ച്ചയ്ക്കിടെ 14 പേർക്കാണ് ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി പക്ഷികൾക്കു മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂവെങ്കിലും മനുഷ്യരിലേക്കു പടരാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയിലാണ്.
രണ്ടു രോഗത്തിന്റെയും ലക്ഷണങ്ങൾ മനുഷ്യരിൽ ഏറക്കുറെ സമാനമായതിനാൽ രോഗനിർണയം അത്ര എളുപ്പമല്ല. നിലവിൽ രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ ജീവിതസാഹചര്യവും ജോലിയുടെ പശ്ചാത്തലവും പക്ഷികളുമായും അവയുടെ വിസർജ്യവുമായുള്ള സമ്പർക്കവുമെല്ലാം നോക്കിയാണ് രോഗം നിർണയിക്കുന്നത്. സ്രവപരിശോധനയിലൂടെ മാത്രമേ രോഗമേതെന്നു കൃത്യമായി മനസ്സിലാകൂ.
പക്ഷിപ്പനിബാധിത മേഖലയിൽ പനിയോ ജലദോഷമോ ഉള്ളവരെ ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കുന്നുണ്ട്. ഇവർക്കു പ്രതിരോധമരുന്നു നൽകുന്നുമുണ്ട്. രോഗം കടുത്താൽ സ്രവപരിശോധന നടത്തും.
മെക്സിക്കോയിലാണ് പക്ഷിപ്പനി ബാധിച്ച് ഒരാൾ മരിച്ചത്. കഴിഞ്ഞമാസം പശ്ചിമബംഗാളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച നാലുവയസ്സുകാരിക്ക് കഴിഞ്ഞയാഴ്ച രോഗം ഭേദമായിരുന്നു. ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ടുചെയ്തു തുടങ്ങിയതുമുതലാണ് പന്നിപ്പനി ബാധിക്കുന്നവരുടെ എണ്ണവുമേറിയത്. കഴിഞ്ഞ 16-നു മാത്രം നാലുപേർക്ക് രോഗം പിടിപെട്ടു.
ഇടവേളയ്ക്കുശേഷമാണ് ഒരുദിവസം ഇത്രയധികം രോഗികളുണ്ടാകുന്നത്. ദിവസം ഒരു കേസെങ്കിലും റിപ്പോർട്ടു ചെയ്യുന്നുണ്ട്. വായുവിലൂടെ പകരുന്ന രോഗമായതിനാൽ പൊതുവിടങ്ങളിൽ മുഖാവരണം നിർബന്ധമാണെന്ന് ഡോക്ടർമാർ പറയുന്നു.
പന്നിപ്പനി ലക്ഷണം
പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം
പക്ഷിപ്പനി ലക്ഷണം
പനി, ചുമ, ശ്വാസംമുട്ടൽ, ജലദോഷം, കഫത്തിൽ രക്തം
പക്ഷിപ്പനി; കൂടുതൽ വളർത്തു പക്ഷികളെ ഇന്നു കൊല്ലും
ആലപ്പുഴ പക്ഷിപ്പനി സ്ഥിരീകരിച്ച ജില്ലയുടെ വടക്കൻമേഖലകളിൽ വളർത്തുപക്ഷികളെ വ്യാഴാഴ്ച കൊന്നൊടുക്കും. കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മുഹമ്മ എന്നിവിടങ്ങളിലാണ് മൃഗസം രക്ഷണവകുപ്പിൻ്റെ നേതൃത്വത്തിൽ വളർത്തുപക്ഷികളെ കൊല്ലുക. ഉദ്ദേ ശം 6,069 പക്ഷികളെ കൊന്നു സംസ്കരിക്കേണ്ടിവരും. എറണാകുളത്തുനിന്നുള്ള സംഘത്തിൻ്റെ സഹായത്തോടെയാകും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊല്ലുക.
ബുധനാഴ്ച പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പലയിടങ്ങളിൽനിന്നു കോഴികളുടെയും കാക്കകളുടെയുമടക്കമുള്ള സാംപിളുകൾ ഭോപാലിലെ ലാബിലേക്ക് അയച്ചു. പരിശോധനാഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കും. പക്ഷിപ്പനിയെക്കുറിച്ചു പഠിക്കാനുള്ള സംഘം അടുത്തയാഴ്ചയോടെ ജില്ലയിലെത്തും. മുന്നോടിയായിട്ടുള്ള പ്രാ ഥമികയോഗം ശനിയാഴ്ച ചേരും.
കോഴികൾക്കു പുറമേ പരുന്തിലും കാക്കയിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശം ആശങ്കയിലാണ്. കാക്കകളിൽനിന്നു വ്യാപകമായി രോഗം പടർന്നെന്നാണു സംശയം. ചേർത്തല, പള്ളിപ്പുറം മേഖലകളിലെ കോഴിഫാമുകൾ അടച്ചു. വളർത്തുപക്ഷികളെ കൊന്നൊടുക്കിയതിലൂടെ കോഴിക്കർഷകർക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. അവരിൽ പലരും ക്വാറന്റീനിലുമാണ്. ഹോട്ടൽ മേഖലയെയും പക്ഷിപ്പനി ബാധിച്ചു. ആലപ്പുഴ നഗരത്തിനു വടക്കോട്ടും ചേർത്തലയുടെ സമീപപ്രദേശങ്ങളിലും പല ഹോട്ടലുകളും അടച്ചെന്നും പ്രതിസന്ധിയാണെന്നും വ്യാപാരികൾ പറഞ്ഞു.
'ഉന്നതതലസംഘത്തെ നിയോഗിക്കണം'
ജില്ലയിലെ പക്ഷിപ്പനിയെക്കുറിച്ചു പഠിക്കാൻ ഉന്നതതലസംഘത്തെ നിയോഗിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ ആവശ്യപ്പെട്ടു. തുടർച്ചയായി പക്ഷിപ്പനിയുണ്ടാകുന്നത് മേഖലയെ തകർക്കുന്നു. മന്ത്രിമാരടക്കമുള്ള സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജോർജ് കുര്യനെ കാണുമെന്നും ഭാരവാഹികൾ പറഞ്ഞു.
Content Highlights: swine flu h1n1 surge in alappuzha