കുഞ്ഞുജീവന്റെ കരുതൽ തുള്ളികൾക്ക് ക്ഷാമം; പി.സി.വി. കുത്തിവെപ്പെടുക്കുന്നത് മാസങ്ങൾ കഴിഞ്ഞ്

#കെ.പി. വിഷ്ണു
Representative Image| Photo: Canva.com
Representative Image| Photo: Canva.com

പുന്നയൂർക്കുളം: ന്യൂമോണിയ, മെനഞ്ചൈറ്റിസ് രോഗങ്ങളെ പ്രതിരോധിക്കാൻ ഒന്നരമാസം മുതൽ കുട്ടികൾക്ക് കൊടുത്ത് തുടങ്ങേണ്ട ന്യൂമോകോക്കൽ കോൺജുഗേറ്റ് (പി.സി.വി.) കുത്തിവെപ്പിന് സർക്കാർ ആശുപത്രികളിൽ ക്ഷാമം. കുട്ടി ജനിച്ച് ഒന്നര, മൂന്നര, ഒമ്പത് മാസങ്ങളിലാണ് വാക്സിൻ നൽകേണ്ടത്. വാക്സിൻ കൃത്യമായി ലഭിക്കാത്തതിനാൽ നിശ്ചിതസമയത്തിനുശേഷം മാസങ്ങൾ കഴിഞ്ഞാണ് കുട്ടികൾക്ക് കുത്തിവെപ്പെടുക്കാനാകുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.

അങ്കണവാടി, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലൂടെയാണ് കൂടുതൽ പേർക്കും വാക്സിൻ നൽകിയിരുന്നത്. ഇവിടങ്ങളിൽനിന്ന് തുടക്കം മുതലേ കൃത്യമായി പി.സി.വി. ലഭിച്ചിരുന്നില്ല.

പി.സി.വി കിട്ടാത്തതിനാൽ, എട്ടുമാസമുള്ള കുട്ടിയുടെ കുത്തിവെപ്പ് പുസ്തകത്തിൽ വാക്‌സിൻ എടുക്കാത്തതായി അടയാളപ്പെടുത്തിയിരിക്കുന്നു

ഇപ്പോൾ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലും പി.സി.വി. വാക്സിൻ ഇല്ലെന്നാണ് അധികൃതർ പറയുന്നത്. കേന്ദ്രസർക്കാരാണ് സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകുന്നത്. സംസ്ഥാനത്തിന് വാക്സിൻ നൽകുന്നതിൽ വന്ന കുറവാണ് ക്ഷാമത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. 

സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കുന്ന വാക്സിൻ ഇപ്പോൾ സ്വകാര്യ ആശുപത്രികളിൽനിന്ന് പണം മുടക്കി എടുക്കേണ്ട അവസ്ഥയിലാണ് രക്ഷിതാക്കൾ. ഇവിടെ 3000 രൂപ മുതൽ 4000 രൂപവരെയാണ് ഈടാക്കുന്നത്. 

ലോകാരോഗ്യസംഘടനയുടെ നിർദേശ പ്രകാരം 2021-ലാണ് പി.സി.വി. വാക്സിൻ നിർബന്ധമാക്കിയത്. ഡബ്ല്യു.എച്ച്.ഒ. നിർബന്ധമാക്കിയതിനാൽ കുട്ടികൾക്ക് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും വാക്സിനെടുക്കണം.

Content Highlights: shortage of pneumococcal conjugate vaccine