സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം, രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല വീണ്ടും പടരുന്നു. ആരോഗ്യ ഡയറക്ടറേറ്റിനു കീഴിലെ സംയോജിത രോഗനിരീക്ഷണ പദ്ധതിയുടെ (ഐ.ഡി.എസ്.പി.) കണക്കുപ്രകാരം സംസ്ഥാനത്ത് തിങ്കളാഴ്ച വരെ 520 പേർക്ക് രോഗം സ്ഥിരീകരിച്ചു. എട്ടുപേർ മരിച്ചു. 2025-ൽ ആകെ 132 പേർക്കായിരുന്നു രോഗം. കഴിഞ്ഞ വർഷം ആകെയുണ്ടായിരുന്നതിന്റെ നാലിരട്ടിയോളം പേർക്ക് ഇക്കൊല്ലം ഇതുവരെ രോഗം ബാധിച്ചു.
2025-ൽ മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല. ഈ മാസം 12 വരെ മാത്രം 29 പേർക്ക് രോഗം സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ 32 പേർക്കായിരുന്നു രോഗം.
ഈ വർഷം ജൂണിൽ വയനാട്ടിൽ രോഗവ്യാപനമുണ്ടായപ്പോഴാണ് ഷിഗല്ലയുടെ രൂക്ഷത ശ്രദ്ധിക്കപ്പെട്ടത്. ജൂണിൽ 205 പേർക്ക് രോഗം ബാധിച്ചു. കഴിഞ്ഞവർഷം ജൂണിൽ ഇത് 21 ആയിരുന്നു,
എട്ടു മരണങ്ങളിൽ ആറും ജൂണിലായിരുന്നു. ജൂലായിൽ 128 പേർക്കും (കഴിഞ്ഞവർഷം ഏഴ്) ഓഗസ്റ്റിൽ 50 പേർക്കും (10) സെപ്റ്റംബറിൽ 32 പേർക്കും (ഒൻപത്) രോഗം സ്ഥിരീകരിച്ചു. കുറഞ്ഞുവന്ന ഈ പ്രവണതയാണ് ഒക്ടോബറിൽ മാറിയത്. ജനുവരി മുതൽ മേയ് വരെ 76 പേർക്ക് രോഗം ബാധിച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 48 ആയിരുന്നു. കഴിഞ്ഞവർഷത്തെ 132 കേസുകളിൽ 55-ഉം കോഴിക്കോട്ടായിരുന്നു.
രോഗംവരുന്ന വഴി
ഷിഗെല്ല രോഗിയുടെ മലത്തിലൂടെയാണ് രോഗാണു പുറത്തെത്തുന്നത്. കക്കൂസിലല്ലാതെ മലവിസർജനം നടത്തിയാലോ കക്കൂസ് ടാങ്ക് തുറന്നുകിടന്നാലോ കക്കൂസിനടുത്തുതന്നെ കിണറുകളോ ജലാശയങ്ങളോ ഉണ്ടെങ്കിലോ രോഗാണുക്കൾ വെള്ളത്തിൽ കലരാം. വയറിളക്കമുള്ളയാൾ മലവിസർജനത്തിനുശേഷം കൈകഴുകാതെ ഭക്ഷണം പാചകംചെയ്താലും കുട്ടികൾക്ക് ഭക്ഷണം വാരിക്കൊടുത്താലും രോഗം പകരാം. ഈച്ചകൾ ഇരുന്ന ഭക്ഷണസാധനങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും രോഗാണുക്കളുണ്ടാകാം.
രോഗം വരാതിരിക്കാൻ
മലവിസർജനത്തിന് കക്കൂസ് ഉപയോഗിക്കുക
ഭക്ഷണം കഴിക്കും മുൻപും ശൗചാലയം ഉപയോഗിച്ച ശേഷവും ഭക്ഷണം കഴിക്കും മുൻപും കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിന് മുൻപും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം
തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക വെള്ളം അഞ്ചുമിനിറ്റ് വെട്ടിത്തിളയ്ക്കണം. തിളച്ച വെള്ളത്തിൽ പച്ചവെള്ളം ചേർക്കരുത്. ഗുണമേന്മയുള്ള വാട്ടർ ഫിൽറ്റർ ഉപയോഗിച്ച് ഫിൽറ്റർചെയ്ത വെള്ളം ഉപയോഗിക്കാം
പാകംചെയ്ത ഭക്ഷണസാധനങ്ങളിൽ ഈച്ച ഇരിക്കാൻ ഇടവരുത്തരുത്
സാലഡിലും മറ്റും ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക
Content Highlights: Shigella disease outbreak in Kerala sees 520 cases and eight deaths, raising health concerns compared to previous years' statistics.