കോടിയേരിയിൽ ചെള്ളുപനി സ്ഥിരീകരിച്ചു; രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

കോടിയേരി: ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) റിപ്പോർട്ട് ചെയ്ത കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നിർദേശത്തെത്തുടർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയത്. തലശ്ശേരി നഗരസഭ, ഡി.വി.സി. യൂണിറ്റിന്റെ തലശ്ശേരി ശാഖ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗമാണ് പ്രദേശത്ത് വിപുലമായ രീതിയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസിൽനിന്ന് ടെക്നിക്കൽ അസി. സി.ജി. ശശിധരൻ, ബയോളജിസ്റ്റ് സി.ജെ. ചാക്കോ, എപിഡമിയോളജിസ്റ്റ് കെ.അഭിഷേക് എന്നിവർ സ്ഥലം സന്ദർശിച്ചു. സി.വി.സി. യൂണിറ്റ് തലശ്ശേരി എച്ച്.ഐ. വൽസ തിലകന്റെ നേതൃത്വത്തിൽ ഇൻസെക്ട് കലക്ടർമാർ പ്രദേശത്ത് കീടപഠനം നടത്തുകയും ചെള്ളുപനിക്കു കാരണമാകുന്ന ലെപ്ടോത്രോംബീഡിയം ഏലിയൻസ് എന്നറിയപ്പെടുന്ന ചിഗ്ഗറുകളുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. തുടർന്ന് രോഗകാരികളായ ചിഗ്ഗറുകളെ നശിപ്പിക്കുന്നതിനായി പ്രദേശത്ത് കീടനാശിനി തളിച്ചു. സാധാരണമായി ചിഗ്ഗറുകളെ കണ്ടുവരുന്ന കുറ്റിച്ചെടികൾ വെട്ടിവൃത്തിയാക്കി.
കൗൺസിലർ കെ. സിന്ധുവിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാർ പനി സർവേ നടത്തുകയും രോഗസാധ്യതയുള്ള 10 പേർക്ക് പ്രതിരോധഗുളികൾ നല്കുകയും ചെയ്തു.
പി.എച്ച്.സി.യിലെ ഡോ. മംമ്ത മനോഹർ, എച്ച്.ഐ. ടെനിസൻ തോമസ്, ജെ.എച്ച്.ഐ. കെ. ബിന്ധ്യ എന്നിവരും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
പനി സർവേയിൽ ജെ.എച്ച്. നഴ്സ് എം. നൗഫിമോൾ, ആശാപ്രവർത്തകരും പങ്കാളികളായി.
ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരികരിക്കുന്നതിനായി സമീപത്തെ അങ്കണവാടിയിൽ ബോധവത്കരണ ക്ലാസും നടത്തി.
ഡോ. മംമ്ത മനോഹർ, എച്ച്.ഐ. ടെനിസൻ തോമസ് എന്നിവർ ക്ലാസെടുത്തു. അങ്കണവാടി വർക്കർ കെ. ജീജ പ്രസംഗിച്ചു. പ്രദേശം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണുള്ളത്. ചെള്ളുപനി ബാധിച്ച രോഗി ആസ്പത്രിയിൽ സുഖംപ്രാപിച്ചുവരുന്നു.
എന്താണ് ചെള്ളുപനി?
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
ലക്ഷണങ്ങൾ
ചിഗ്ഗർ മൈറ്റ് കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗർ കടിച്ച ഭാഗം തുടക്കത്തിൽ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാർ) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങൾ, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകൾ കാണാറ്.
വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണതകളുണ്ടാകാറുണ്ട്. അതിനാൽ രോഗലക്ഷണമുള്ളവർ ഉടൻ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.
രോഗനിർണയം
സ്‌ക്രബ് ടൈഫസിന് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ രോഗനിർണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറമെയുള്ള എസ്‌കാർ, രക്ത പരിശോധനാ ഫലം എന്നിവ രോഗനിർണയത്തിന് സഹായകരമാണ്. ഒരാഴ്ചയിൽ നീണ്ടുനിൽക്കുന്ന പനിയാണെങ്കിൽ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയാൽ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാൻ കഴിയും.
രോഗ പ്രതിരോധനിയന്ത്രണ മാർഗങ്ങൾ
സ്‌ക്രബ് ടൈഫസ് പരത്തുന്ന ചിഗ്ഗർ മൈറ്റുകളെ കീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്നതാണ്. ഇതിനായി രോഗം സ്ഥിരീകരിച്ചാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക.
പ്രതിരോധ മാർഗങ്ങൾ
- പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.
- പുൽ നാമ്പുകളിൽ നിന്നാണ് കൈകാലുകൾ വഴി ചിഗ്ഗർ മൈറ്റുകൾ ശരീരത്തിൽ പ്രവേശിക്കുന്നത്. അതിനാൽ കൈകാലുകൾ മറയുന്ന വസ്ത്രം ധരിക്കണം.
- എലി നശീകരണ പ്രവർത്തനങ്ങൾ, പുൽച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കൽ എന്നിവ പ്രധാനമാണ്.
- ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ശരിയായ രീതിയിൽ സംസ്‌കരിക്കണം.
- പുൽമേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും കഴുകണം.
- വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക
- രോഗസാധ്യതയുള്ള ഇടങ്ങളിൽ ജോലി ചെയ്യുമ്പോൾ കൈയ്യുറയും കാലുറയും ധരിക്കുക.
Content Highlights: scrub typhus reported in kodiyeri