പ്രസവകാലത്ത് കരുതലേകും,രാജ്ഞിയെപ്പോലെ നോക്കും; ആർത്തവവിരാമ കാലത്ത് തിരിഞ്ഞുനോക്കില്ല- സമീര റെഡ്ഡി

#Health Desk
സമീരാ റെഡ്ഡി | Photo: Facebook
സമീരാ റെഡ്ഡി | Photo: Facebook

ബോഡിപോസിറ്റിവിറ്റിയേക്കുറിച്ച് നിരന്തരം സംസാരിക്കാറുള്ളയാളാണ് ബോളിവുഡ് നടി സമീര റെഡ്ഡി. ഇപ്പോഴിതാ മെനോപോസ് അഥവാ ആർത്തവവിരാമം എന്ന വിഷയം വേണ്ടത്ര ചർച്ച ചെയ്യപ്പെടാത്തതിനേക്കുറിച്ച് പങ്കുവെക്കുകയാണ് താരം.

മെനോപോസ് എന്ന വിഷയത്തെ ആളുകൾ ഇന്നും വേണ്ടവിധം കരുതലോടെ കൈകാര്യം ചെയ്യുന്നില്ലെന്ന് ഒരു അഭിമുഖത്തിനിടെ സമീര പറഞ്ഞു. ഒരു സ്ത്രീ പ്രസവിക്കുമ്പാേൾ എല്ലാവരും അവൾക്ക് കരുതലേകുകയും പോഷകസമ്പന്നമായ ഭക്ഷണം നൽകുകയും രാജ്ഞിയെപ്പോലെ പരിപാലിക്കുകയും ചെയ്യും. എന്നാൽ അതേ സ്ത്രീ മെനോപോസിലൂടെ കടന്നുപോവുമ്പോൾ തിരിഞ്ഞുനോക്കാതെ അത് നിശബ്ദം നേരിടാൻ പറയുമെന്നും നടി പറയുന്നു.

പ്രസവത്തെയും ഗർഭകാലത്തെയുംപോലെ മെനോപോസ് എന്ന വിഷയത്തിലും കൂടുതൽ ഗവേഷണങ്ങളും ചർച്ചകളും നടക്കേണ്ടതുണ്ടെന്നും അപ്പോഴേ പങ്കാളികൾക്ക് എങ്ങനെ അവർക്ക് കരുതലേകണമെന്ന് തിരിച്ചറിയൂ എന്നും സമീര പങ്കുവെച്ചു.

2015-ൽ മകൻ ജനിച്ചതിനുപിന്നാലെ നേരിട്ട മാനസികാരോഗ്യ പ്രശ്നങ്ങളേക്കുറിച്ചും സമീര പറഞ്ഞു. പ്രസവശേഷം നൂറുകിലോയോളം എത്തിയിരുന്നു. ഹോർമോണൽ പ്രശ്നങ്ങളുമുണ്ടായിരുന്നു. പലപ്പോഴും താൻ തകർന്നുപോയിട്ടുണ്ടെന്നും നടി പറഞ്ഞു.

ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിനുശേഷം എത്രത്തോളം ശ്രമിച്ചിട്ടും തനിക്ക് സന്തുഷ്ടയായിരിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് സമീര മുമ്പു പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ അനുഭവിക്കുന്നവർ ആരും ഒറ്റയ്ക്കല്ല എന്നും കഠിനകാലത്ത് പരസ്പരം താങ്ങായി നിൽക്കേണ്ടത് പ്രധാനമാണെന്നും സമീര പറഞ്ഞിരുന്നു.

ആർത്തവവിരാമം

45-50 വയസ്സോടടുപ്പിച്ച് സ്ത്രീകളിൽ ആർത്തവം പൂർണമായും നിൽക്കുന്ന അവസ്ഥയാണ് ആർത്തവവിരാമം. ശാരീരിക മാറ്റങ്ങൾ, മാനസിക സമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, വിഷാദരോഗം എന്നുതുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. അണ്ഡാശയങ്ങളുടെ പ്രവർത്തന ശേഷി കുറയുകയും ഹോർമോൺ ഉൽപാദനം നിൽക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം. മാസമുറ ക്രമം തെറ്റി വരികയും ക്രമേണ ഇല്ലാതാവുകയും ചെയ്യും. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന 50 ശതമാനം സ്ത്രീകളിലും ശരീരത്തിന് ചൂട് കൂടുതലായി അനുഭവപ്പെടുന്ന ഹോട്ട ഫ്‌ളഷസ് (hot flashes) ഉണ്ടാകാറുണ്ട്. ക്ഷീണം, ദേഷ്യം, ഉറക്കക്കുറവ്, ഓർമ്മക്കുറവ്, വിഷാദം, മാനസിക പിരിമുറുക്കങ്ങൾ എന്നിവ അനുഭവപ്പെടാം. മൂത്രം പിടിച്ചു നിർത്താനുള്ള ശേഷി കുറയുക, കാൽസ്യത്തിന്റെ അളവ് കുറയുകയും കാണാറുണ്ട്. ഇതുമൂലം എല്ലുതേയ്മാനം അഥവാ ഓസ്റ്റിയോപൊറോസിസ് എന്ന അസുഖമായി മാറാനുള്ള സാധ്യതയുമുണ്ട്.

Content Highlights: Sameera Reddy critiques the lack of societal care during menopause compared to pregnancy., Advocates for increased research and open discussions regarding hormonal transitions., Highlights the importance of emotional and physical support for women in their 40s and 50s