അഞ്ചുവർഷംനീണ്ട കാൻസർ പോരാട്ടം, കാർ ടി-സെൽ തെറാപ്പിയിലൂടെ രോഗമുക്തനായെന്ന് നടൻ സാം നീൽ

സാം നീൽ
സാം നീൽ

വർഷങ്ങൾ നീണ്ട കാൻസർ പോരാട്ടത്തിനൊടുവിൽ രോഗമുക്തനായെന്ന് തുറന്നുപറഞ്ഞ് ഹോളിവുഡ് നടൻ സാം നീൽ. അഞ്ചുവർഷത്തോളം നീണ്ട രക്താർബുദ പോരാട്ടത്തിനൊടുവിൽ താൻ രോഗത്തെ അതിജീവിച്ചുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ‘ജുറാസിക് പാർക്’ താരം കൂടിയായ സാം. കീമോതെറാപ്പി ഫലം കാണാതെ വന്നപ്പോൾ കാർ ടി-സെൽ തെറാപ്പിയിലേക്ക് മാറിയതാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും സാം പറയുന്നു.

ആൻജിയോഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ എന്ന നോൺ-ഹോജ്കിൻ ലിംഫോമയിലെ ഒരു വകഭേദമാണ് സാമിനെ ബാധിച്ചത്. വർഷങ്ങളോളം കീമോതെറാപ്പിയിലൂടെ കടന്നുപോയെങ്കിലും പിന്നീട് കീമോ ഫലം കാണാതെവന്നതോടെയാണ് സാം കാർ ‍ടി-സെൽ തെറാപ്പിയിൽ അഭയം തേടിയത്. ചികിത്സയ്ക്കുശേഷം നടത്തിയ സ്കാനിങ്ങിൽ സാമിന്റെ ശരീരത്തിൽ നിന്നും കാൻസർ മുക്തമായതായി കണ്ടെത്തുകയായിരുന്നു.

കാർ ടി-സെൽ തെറാപ്പി

മനുഷ്യശരീരത്തിലെ രോഗപ്രതിരോധം ഉറപ്പാക്കുന്ന ഒരു തരം വെളുത്ത രക്താണുക്കളാണ് ടി സെല്ലുകൾ. കാർ ടി-സെൽ ചികിത്സാ രീതിയിൽ ഈ ലിംഫോസൈറ്റുകളെ രോഗിയിൽ നിന്നും ശേഖരിച്ച ശേഷം അവയെ പ്രത്യേകം സജ്ജീകരിച്ച ലബോറട്ടറിയിൽ വെച്ച് ജനിതക മാറ്റം നടത്തുന്നു. ജനിതകമാറ്റം വരുത്തിയ കോശങ്ങൾ രോഗിയിൽ തിരികെ പ്രവേശിപ്പിക്കുന്നതോടെ ഇവ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ കാൻസർ കോശങ്ങളെ തിരഞ്ഞ് പിടിച്ച് നശിപ്പിക്കുന്നു. പരമ്പരാഗത കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പി ചികിത്സയിൽ നിന്ന് വ്യത്യസ്തമായി കാർ ടി-സെൽ തെറാപ്പി ഒറ്റത്തവണ ചികിത്സയാണ്.‌‍‍ ലിംഫോമകൾ, ലുക്കീമിയ തുടങ്ങിയ രക്താർബുദങ്ങൾക്കാണ് കാർ ടി-സെൽ ചികിത്സ ഫലപ്രദം.

എന്താണ് നോൺഹോജ്കിൻ ലിംഫോമ?

ലിംഫോമയിലെ ഒരു വിഭാഗമാണിത്. മനുഷ്യശരീരത്തിലെ പ്രതിരോധസംവിധാനത്തിലെ ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന അർബുദമാണിത്. ലിംഫ്നോഡുകളിൽ വീക്കം, ക്ഷീണം, പനി, രാത്രികാലങ്ങളിലെ വിയർപ്പ്, അകാരണമായി വണ്ണം കുറയൽ, വയറുവേദന, നെഞ്ചുവേദന, ചുമ, ശ്വാസതടസ്സം, ചർമത്തിൽ ചൊറിച്ചിൽ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.

Content Highlights: Sam Neill confirms being cancer-free after a five-year battle with Angioimmunoblastic T-cell lymphoma