അഞ്ചുവർഷത്തിനിടെ ശ്വാസകോശ അർബുദ കേസുകൾ കൂടി; രോഗലക്ഷണങ്ങൾ അവഗണിക്കരുത്

#Health Desk
പ്രതീകാത്മക ചിത്രം | Photo: AI
പ്രതീകാത്മക ചിത്രം | Photo: AI

ശ്വാസകോശ അർബുദ കേസുകൾ കൂടുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുകയില ഉപയോഗം ഇല്ലാത്തവരിൽ അന്തരീക്ഷ മലിനീകരണവും മറ്റുംമൂലം ശ്വാസകോശ അർബുദം സ്ഥിരീകരിക്കുന്നതിന്റെ നിരക്കു കൂടുന്നുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തിന‍ിടെ ശ്വാസകോശ അർബുദ കേസുകളിൽ വൻവർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നു വ്യക്തമാക്കുകയാണ് ഗുജറാത്ത് കാൻസർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(ജിസിആർഐ).

2021-നും-2025 നും ഇടയിൽ 4830 രോഗികൾ ശ്വാസകോശ അർബുദം ബാധിച്ചവരുടെ പട്ടികയിലുണ്ടെന്ന് ജിസിആർഐ റിപ്പോർട്ട് പറയുന്നു. 2021-ൽ 813 പേർക്കും 2022-ൽ 865, 2023-ൽ 933, 2024-ൽ 1,086, 2025-ൽ 1,133 എന്നിങ്ങനെ ജിസിആർഐയിൽ ചികിത്സ നൽകിയെന്ന് റിപ്പോർട്ട് പറയുന്നു. അഞ്ചു വർഷത്തിനിടെ രേഖപ്പെടുത്തിയ ആകെ രോഗികളിൽ 3,931 (81.4 ശതമാനം) പുരുഷന്മാരും 899 (18.6 ശതമാനം) സ്ത്രീകളുമായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2022-ലെ GLOBOCAN റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ എല്ലാ വർഷവും 1.12 ലക്ഷം പുതിയ ശ്വാസകോശ അർബുദ കേസുകളും 98,000-ലധികം മരണങ്ങളും ഉണ്ടാകുന്നുണ്ട്. ആഗോളതലത്തിൽ ശ്വാസകോശ അർബുദം പ്രതിവർഷം ഏകദേശം 26 ലക്ഷം പുതിയ കേസുകൾക്കും 18 ലക്ഷത്തിലധികം മരണങ്ങൾക്കും കാരണമാകുന്നുണ്ട്. തുടർച്ചയായുള്ള ചുമ, രക്തം കലർന്ന ചുമ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, നെഞ്ചുവേദന, ശബ്ദത്തിലെ മാറ്റങ്ങൾ, അകാരണമായി ശരീരഭാരം കുറയുക എന്നിവ പോലുള്ള രോഗലക്ഷണങ്ങൾ അവഗണിക്കരുതെന്ന് വിദഗ്ധർ പറയുന്നു.

ശ്വാസകോശാർബുദം, ശ്രദ്ധിക്കേണ്ടവ

പുകവലി കൂടാതെ വായുമലിനീകരണം, പുകവലിക്കാരുമായുള്ള സാമീപ്യം, കുടുംബത്തിൽ ശ്വാസകോശ അർബുദ ചരിത്രം, എച്ച്.ഐ.വി. അണുബാധ തുടങ്ങിയ ഘടകങ്ങളും ശ്വാസകോശ അർബുദത്തിന് കാരണമാകും. ലോകത്തിലെ 20% കാൻസർ മരണങ്ങളും ശ്വാസകോശ അർബുദം മൂലമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസർ കൂടിയാണിത്.

കാരണങ്ങൾ / അപകട ഘടകങ്ങൾ

  • പുകവലി, നിഷ്ക്രിയ പുകവലിയും ഉൾപെടുന്നു
  • റേഡിയേഷനുമായുള്ള ബന്ധം, റാഡോൺ ഗ്യാസ്, ആസ്ബറ്റോസ് തുടങ്ങിയവ
  • പാരമ്പര്യം
  • പൊണ്ണത്തടി
  • മദ്യപാനം
  • വൈറൽ അണുബാധ (എച്ച്.പി.വി.)

ലക്ഷണങ്ങൾ

  • ഏറെനാൾ നീണ്ടു നിൽക്കുന്ന ചുമ
  • കഫത്തിൽ ചോരയുടെയോ തുരുമ്പിന്റെയും നിറം
  • ശ്വാസംമുട്ടൽ
  • നെഞ്ചുവേദന
  • ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധ തുടരുന്നത്
  • തൊണ്ടയടപ്പ്
  • വിശപ്പില്ലായ്മ
  • അകാരണമായ ഭാരക്കുറവ്
  • അസ്വാഭാവികമായിട്ടുള്ള ക്ഷീണം

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്.

പരിശോധനകളും ചികിത്സയും

കാൻസർ രോഗം നിർണയിക്കുന്നതിനും അത് ശരീരത്തിൽ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്ന് കണ്ടുപിടിക്കാനും വിവിധതരം പരിശോധനകളും രോഗനിർണയ ഉപാധികളും ആവശ്യമാണ്. ഈ പരിശോധനകൾ ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും. എക്സ്-റേ, FNAC, ബയോപ്സി, PET scan തുടങ്ങിയവയിലൂടെ രോഗസ്ഥിരീകരണം നടത്തും.

ശ്വാസകോശ അർബുദ ചികിത്സയ്ക്ക് ഒന്നിലധികം രീതികൾ പ്രയോഗിക്കാറുണ്ട് . ഇക്കാരണത്താൽ ഒരു രോഗിക്ക് ഒന്നിൽ കൂടുതൽ ചികിത്സാവിധികൾ നൽകേണ്ടതായി വരാം. ശസ്ത്രക്രിയ അഥവാ സർജറി കാൻസറിൻ്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായി വരുന്നു. പല ശ്വാസകോശ കാൻസറുകളും പരിപൂർണ്ണമായി സുഖ പ്പെടുത്തുവാൻ ശസ്ത്രക്രിയയ്ക്ക് സാധിക്കും. കൂടാതെ റേഡിയോ തെറാപ്പി, കീമോ തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി തുടങ്ങിയവയും ചെയ്യാറുണ്ട്.

Content Highlights: Significant increase in lung cancer cases recorded between 2021 and 2025., GCRI reported 1,133 cases in 2025 alone., Common causes include smoking, air pollution, and genetic factors