ഈ ചൂടുകാലത്തും വിട്ടുമാറാത്ത ജലദോഷവും മൂക്കടപ്പും?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ഈ കൊടുംചൂടിലും നിങ്ങൾക്ക് ജലദോഷം, ചുമ, മൂക്കടപ്പ് എന്നിവ അനുഭവപ്പെടുന്നുണ്ടോ?. സാധാരണ തണുപ്പുകാലങ്ങളിലാണ് നമുക്ക് വിട്ടുമാറാത്ത ജലദോഷവും, മൂക്കടപ്പുമെല്ലാം അനുഭവപ്പെടുക എന്നാണ് പൊതുവേ പറയാറ്. എന്നാൽ, ഈ വിശ്വാസത്തിന് വിപരീതമായി ഇപ്പോൾ നിരവധി പേരാണ് ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നത്. എയർ കണ്ടീഷണറുകളുടെ അമിത ഉപയോഗവും വായു മലിനീകരണവുമാണ് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ദുർബലമായ പ്രതിരോധശേഷിയും ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. എല്ലാ പ്രായക്കാരേയും ഒരേപോലെ ബാധിക്കുന്ന ഈ പ്രശ്നങ്ങളെ ഒരുപരിധി വരെ നമുക്കുതന്നെ തടയാനാകും.
1. വെള്ളം കുടിക്കുക
ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനായി വെള്ളം, ഹെർബൽ ടീ എന്നിവ ധാരാളം കുടിക്കുക. അതേസമയം, നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കോഫി, എനർജി ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കണം. ഇതിന് പുറമെ, ശരീരത്തിന് ആവശ്യമായ വിശ്രമവും ഉറക്കവും ലഭിക്കേണ്ടതുണ്ട്. കഴിയുന്നതും വീടിനുള്ളിൽ തന്നെ തുടരുക.
2. ഭക്ഷണം ശ്രദ്ധിക്കുക
നന്നായി പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക. അയൺ, വിറ്റാമിൻ സി, സിങ്ക് തുടങ്ങി രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന പോഷകൾ ശരീരത്തിലേക്കെത്തുന്നുണ്ടെന്ന് ഉറപ്പാക്കുക.
3. ശുചിത്വം ഉറപ്പുവരുത്തുക
രോഗം പടരാതിരിക്കാൻ ഇടയ്ക്കിടെ കൈകൾ കഴുകുക. മറ്റുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്നതും ഒഴിവാക്കുക. കൂടാതെ,
രോഗലക്ഷണങ്ങൾ വഷളാക്കുന്ന പുക, അലർജി വഷളാക്കിയേക്കാവുന്ന വസ്തുക്കൾ എന്നിവയിൽ നിന്നും അകലം പാലിക്കുക.
Content Highlights: Try These Remedies To Manage Cold And Cough In Summer