നിഷ്‌ക്രിയ പുകവലി: അർബുദസാധ്യത അത്ര ചെറുതല്ലെന്ന് പഠനം

പ്രതീകാത്മക ചിത്രം | Photo: A.P.
പ്രതീകാത്മക ചിത്രം | Photo: A.P.

വാഷിങ്ടണ്‍: പുകവലിക്കുന്നവര്‍ക്കൊപ്പം ജീവിക്കുന്നവരില്‍ അര്‍ബുദസാധ്യത വളരെ കൂടുതലെന്ന് പഠനം. മറ്റുള്ളവര്‍ വലിച്ച് പുറത്തേക്കുവിടുന്ന പുക ശ്വസിക്കുന്നത് അപകടഘടകങ്ങളില്‍ പത്താംസ്ഥാനത്താണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ദുശ്ശീലവും ദഹനസംബന്ധവും പാരിസ്ഥിതികവും തൊഴില്‍പരവുമായ 34 അപകടഘടകങ്ങള്‍ എങ്ങനെയൊക്കെയാണ് 23 തരം അര്‍ബുദങ്ങള്‍ക്കും അതുവഴി അനാരോഗ്യത്തിനും മരണത്തിനും കാരണമാകുന്നതെന്ന് വിശദീകരിക്കുന്നു. 2010-നും 2019-നും ഇടയില്‍ മേല്‍പ്പറഞ്ഞ ഘടകങ്ങള്‍മൂലം അര്‍ബുദബാധയിലുണ്ടായ മാറ്റവും വിശകലനം ചെയ്യുന്നുണ്ട്.

പുകവലി, മദ്യപാനം, ഉയര്‍ന്ന ശരീരഭാരം എന്നിവയാണ് അര്‍ബുദത്തിന്റെ പ്രധാന മൂന്ന് കാരണങ്ങള്‍. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, ഭക്ഷണം കഴിക്കുന്നതിനുമുമ്പ് ഉയര്‍ന്ന പ്രമേഹം, വായുമലിനീകരണം, ആസ്ബെസ്റ്റോസ്, ഭക്ഷണത്തില്‍ മുഴുധാന്യങ്ങളുടെയും പാലിന്റെയും കുറവ്, പരോക്ഷമായി ശ്വസിക്കുന്ന പുക എന്നിവയാണ് ആദ്യപത്തിലെ മറ്റ് അപകടഘടകങ്ങള്‍. ഇവ 2019-ല്‍മാത്രം 37 ലക്ഷം മരണങ്ങള്‍ക്കും 8.78 കോടിപ്പേരില്‍ രോഗാതുരതയ്ക്കും കാരണമായി.

അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ വിശദീകരണം അനുസരിച്ച് പുകയില കത്തുമ്പോഴുണ്ടാകുന്ന പുകയില്‍ ഏഴായിരത്തോളം രാസഘടകങ്ങളുണ്ട്. ഇവയില്‍ നൂറുകണക്കിന് ഘടകങ്ങള്‍ വിഷലിപ്തമാണ്. 70 എണ്ണം കാന്‍സറിന് കാരണമാകുമെന്ന് സ്ഥിരീകരിച്ചിട്ടുള്ളവയാണ്.

Content Highlights: passive smoking, risk of cancer, health