10 വര്‍ഷം; എം.സി.സിയില്‍ നടന്നത് 200 മജ്ജ മാറ്റിവെക്കല്‍

കോടിയേരിയിലെ മലബാർ കാൻസർ സെന്ററിലെ മജ്ജ മാറ്റിവെക്കൽ യൂണിറ്റ് | Photo: Mathrubhumi
കോടിയേരിയിലെ മലബാർ കാൻസർ സെന്ററിലെ മജ്ജ മാറ്റിവെക്കൽ യൂണിറ്റ് | Photo: Mathrubhumi

ലബാര്‍ കാന്‍സര്‍ സെന്ററില്‍ പത്തു വര്‍ഷത്തിനിടയില്‍ നടന്നത് 200 മജ്ജ മാറ്റിവെക്കല്‍ ചികിത്സ. ഒന്‍പത് മാസം പ്രായമായ കുഞ്ഞ് മുതല്‍ 63 വയസ്സായവര്‍ വരെയുണ്ട് ഇതില്‍. കുഞ്ഞിന് ജന്മനാ രോഗപ്രതിരോധശേഷി ഇല്ലാത്ത അവസ്ഥയ്ക്കാണ് (പ്രൈമറി ഇമ്യൂണോ ഡെഫിഷ്യന്‍സി) ചികിത്സ നല്‍കിയത്.

കുഞ്ഞിന് ആവശ്യമായ സ്റ്റെംസെല്‍ (മൂലകോശം) ലോകത്തെ മൂലകോശ രജിസ്ട്രിയില്‍ എവിടെയും ലഭിച്ചില്ല. അമ്മയുടെ മൂലകോശം ഉപയോഗിച്ചാണ് നടത്തിയത്. 63 വയസ്സുകാരന് രക്താര്‍ബുദത്തിന് ചികിത്സ നല്‍കി.

2013 ജൂലായിലാണ് സെന്ററില്‍ മജ്ജമാറ്റിവെക്കല്‍ തുടങ്ങിയത്. 2023 ജൂലായ് വരെയുള്ള കണക്ക് പ്രകാരമാണ് 200 പേര്‍ക്ക് ചികിത്സ നല്‍കിയത്. 60 പേര്‍ പേര് നല്‍കി കാത്തിരിക്കുകയാണ്. ഇ.എസ്.ഐ. ആനുകൂല്യമുള്ളതിനാല്‍ ബംഗാളില്‍നിന്നുള്ള രോഗിയുമെത്തി.

റീ ഇമ്പേഴ്സ്മെന്റ് സൗകര്യം ലഭ്യമാണ്. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിലുള്‍പ്പെട്ടിട്ടില്ല. ജന്മനാ രക്തസംബന്ധമായ ജനിതക രോഗമുള്ളവര്‍, കീമോതെറാപ്പി കൊണ്ട് ഭേദമാക്കാന്‍ കഴിയാത്ത രക്താര്‍ബുദമുള്ളവര്‍ എന്നിവര്‍ക്കാണ് മജ്ജമാറ്റിവെക്കുന്നത്. ഇതിനുള്ള ചികിത്സയ്ക്ക് ഇവിടെ താരതമ്യേന ചെലവ് കുറവാണ്. 12 ലക്ഷം രൂപ മുതല്‍ 16 ലക്ഷം രൂപ വരെയാണ് ചെലവ്. 18 വയസ്സുവരെയുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാണ്.

മജ്ജ മാറ്റിവെച്ചാല്‍ ആറുമാസം തുടര്‍ചികിത്സയാവശ്യമാണ്. ഇത്തരം ചികിത്സ കഴിഞ്ഞവരുടെ കൂട്ടായ്മ നവജീവന്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

മജ്ജ മാറ്റിവെക്കല്‍

രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന മൂലകോശം ശേഖരിച്ച് രോഗിക്ക് നല്‍കുകയാണ് മജ്ജ മാറ്റിവെക്കല്‍. രോഗിയുടെ മൂലകോശം ഉപയോഗിച്ചുള്ള ഓട്ടോ ലോഗസ് ട്രാന്‍സ്പ്ലാന്റേഷന്‍, ദാതാവില്‍ നിന്ന് മൂലകോശം സ്വീകരിക്കുന്ന അലോജനിക് ട്രാന്‍സ്പ്ലാന്റേഷന്‍ എന്നിവയാണ് സെന്ററില്‍ നടത്തുന്നത്. സെന്റര്‍ ഡയറക്ടര്‍ ഡോ.സതീശന്‍ ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.

വിദഗ്ധ സംഘം

ഡോ. ചന്ദ്രന്‍ കെ. നായരുടെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗമാണ് പത്തുവര്‍ഷമായി മജ്ജമാറ്റിവെക്കല്‍ നടത്തുന്നത്. ചെറുവത്തൂര്‍ സ്വദേശിയായ ഡോക്ടര്‍ കാനഡ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍നിന്ന് മജ്ജമാറ്റിവെക്കലില്‍ പ്രത്യേക പരിശീലനം നേടി.

ആറ് ഡോക്ടര്‍മാരും വിദഗ്ധ പരിശീലനം ലഭിച്ച നഴ്സുമാരുമുള്‍പ്പെട്ട സംഘമാണ് ചികിത്സ നല്‍കുന്നത്. ഒരേസമയം നാലുപേര്‍ക്ക് മജ്ജമാറ്റിവെക്കല്‍ ചികിത്സ നല്‍കാനുള്ള സൗകര്യം സെന്ററിലുണ്ട്

Content Highlights: over 200 bone marrow transplants have been performed at the Malabar Cancer Center in 10 years