ഇന്ത്യയിലാദ്യം, അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടി വീട്ടിലേക്കു മടങ്ങി; 'രോഗനിർണയം ഗുണകരമായി'

Representative Image| Photo: Canva.com
Representative Image| Photo: Canva.com

അമീബിക്‌ മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടി ആശുപത്രി വിട്ടു. പൂർണ ആരോ​ഗ്യവാനായാണ് കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയുടെ വീട്ടിലേക്കുള്ള മടക്കം. പോണ്ടിച്ചേരിയിലേക്ക് അയച്ച രണ്ടാമത്തെ സാമ്പിൾ പരിശോധനാഫലവും നെഗറ്റീവ് ആയതോടെയാണ് കുട്ടിയെ വീട്ടിലേക്ക് വിടാൻ ഡോക്ടർമാർ തീരുമാനിച്ചത്. മൂന്നാഴ്ച നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് രോഗമുക്തി. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്. 97% മരണ നിരക്കുള്ള രോഗത്തിൽനിന്ന് കുട്ടിയെ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും. 

2024 ൽ സെന്റർ ഫോർ‍ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സിഡിസി) പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം ലോകത്ത് ഇതുവരെ 9 പേരാണ് ഈ രോ​ഗത്തിൽനിന്നു മുക്തി നേടിയത്. അപൂർവരോ​ഗം പിടിപെട്ട കുട്ടിയെ  ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയെന്ന അത്യപൂർവ നേട്ടം കൈവരിച്ചതിൽ ഏറെ അഭിമാനം ഉണ്ടെന്ന്  കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. 

നെഗ്‌ളീരിയ ഫൗളറി പി.സി.ആർ. പോസിറ്റീവ് ആയ കേസുകളിൽ ആരോഗ്യനില വീണ്ടെടുക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്. രോഗലക്ഷണങ്ങൾ കണ്ട ആദ്യദിനംതന്നെ അമീബിക്‌ മസ്‌തിഷ്‌ക ജ്വരമെന്ന സാധ്യത കണ്ട്‌ ചികിത്സ തുടങ്ങിയതാണ്‌ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രിക് ഇന്റൻസീവ് കെയർ മേധാവി ഡോ. അബ്ദുൾ റൗഫ് പറഞ്ഞു. കുട്ടിയുടെ ചികിത്സയ്‌ക്കായി ആരോഗ്യവകുപ്പ്‌  ഇടപെട്ട്‌  ജർമനിയിൽനിന്ന്‌ മിൽട്ടി ഫോസിൻ (Miltefosine) എന്ന മരുന്നും എത്തിച്ചിരുന്നു.

തിക്കോടിയിലെ കുളത്തിൽ കുളിച്ച  ഈ കുട്ടിക്ക്‌ അപസ്‌മാരലക്ഷണത്തെ തുടർന്ന്‌ വടകര ആശുപത്രിയിലാണ്‌ ആദ്യം ചികിത്സതേടിയത്‌. അമീബിക്‌ മസ്‌തിഷ്‌കജ്വര ലക്ഷണമെന്ന സംശയത്തിൽ ഡോക്ടർമാർ ഉയർന്ന ചികിത്സാ സംവിധാനങ്ങളുള്ള ആശുപത്രിയിലേക്ക്‌ റഫർ ചെയ്യുകയായിരുന്നു. നേരത്തെ തന്നെ രോഗം നിർണയിക്കാൻ കഴിഞ്ഞതും ലഭ്യമായ ചികിത്സകൾ നൽകാൻ സാധിച്ചതുമാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സഹായകമായത്. ഡോ. അബ്ദുൾ റൗഫിന്റെ നേതൃത്വത്തിൽ ഡോ. ഫെബിന റഹ്മാൻ, ഡോ. ഉമ്മർ  ഡോ. സുദർശന, ഡോ പൂർണിമ, ഡോ. ഷാജി തോമസ് ജോൺ എന്നിവർ അടങ്ങിയ സം​ഘമാണ് കുട്ടിയെ ചികിത്സിച്ചത്.

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

Content Highlights: medical team who treated the boy with meningoencephalitis speaking