‘നന്മചെയ്യുക, ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, ഭൂമിയിൽ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം’

കൊച്ചി: വയലിൻതന്ത്രികളിൽ ഔസേപ്പച്ചൻ മീട്ടിയ ആ പഴയ മധുരനൊമ്പരത്തിന്റെ ഈണം സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ആ പ്രഖ്യാപനം നടത്തി, 'കാതോടുകാതോരം'. കേൾവി പരിമിതിയുള്ള നിർധനരായവർക്ക് സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ലഭ്യമാക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ജീവകാരുണ്യപദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി.
മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ 16-ാം വാർഷികത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. "കേൾവി ഒരു അനുഗ്രഹമാണ്. അത് ലഭിക്കാതെപോയ ധാരാളം പേരുണ്ട്. അവർക്കു വേണ്ടിയാണ് ഈ പദ്ധതി. നന്മചെയ്യുക, നന്മചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, തിന്മയെ എതിർക്കുക. ഇതാണ് ഭൂമിയിൽ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം." - മമ്മൂട്ടി പറഞ്ഞു.
പദ്ധതിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അർഹരായവർക്ക് വലിയ തുക ചെലവ് വരുന്ന ശസ്ത്രക്രിയയും തുടർചികിത്സയും സൗജന്യമായി ലഭ്യമാക്കും.
കൊച്ചിയിൽനടന്ന വാർഷികാഘോഷ പരിപാടി മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. കാരുണ്യത്തിന്റെ ദൂതനായി ദൈവം ഭൂമിയിലേക്ക് അയച്ചയാളാണ് മമ്മൂട്ടി എന്ന് കാതോലിക്കാ ബാവ പറഞ്ഞു. മമ്മൂട്ടി സിനിമയിൽ മാത്രമേ അഭിനയിക്കാറുള്ളൂ, ജീവിതത്തിൽ അദ്ദേഹം നടൻ അല്ല. പകരം നന്മയുള്ള പ്രവൃത്തികളിലൂടെ ചുറ്റുമുള്ളവരെ ചേർത്തുപിടിക്കാനാണ് മമ്മൂട്ടി ശ്രമിക്കുന്നത്-കാതോലിക്കാ ബാവ പറഞ്ഞു.
കെയർ ആൻഡ് ഷെയർ ചെയർമാൻ കെ. മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ മുഖ്യാതിഥിയായി. രാജഗിരി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ. കാളിരാജ് മഹേഷ് കുമാർ, കെയർ ആൻഡ് ഷെയർ എക്സിക്യുട്ടീവ് ഡയറക്ടർ വിജു ജേക്കബ്, മാനേജിങ് ട്രസ്റ്റി റോയ് എം. മാത്യു, ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, സാലിഹ് സി.പി., എ. മോഹനൻ എന്നിവർ സംസാരിച്ചു.
കേൾവിപരിമിതി വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, കുടുംബത്തിന്റെ വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക്: ഫോൺ: +91 75590 22111.
Content Highlights: Mammootty`s Care and Share Foundation begins `Kaathod Kaathoram` project, offering free cochlear implant surgeries for underprivileged children in Kochi. Learn how to apply.