കാഴ്ചയ്ക്ക് മങ്ങൽ, വിദഗ്ധ പരിശോധനയിൽ വിര; ശ്രദ്ധിച്ചില്ലെങ്കിൽ അന്ധതയ്ക്ക് വരെ കാരണമാകാം ഈ അവസ്ഥ

കണ്ണിന്റെ കാഴ്ച മങ്ങുന്നുവെന്ന പരാതിയുമായാണ് ആ മുപ്പത്തിയഞ്ചുകാരൻ ആശുപത്രിയിലെത്തിയത്. എന്നാൽ വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയത് കണ്ണിനുള്ളിൽ പതിയെ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വിരയെയാണ്. ന്യൂ ഈംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിൻ എന്ന മെഡിക്കൽ ജേർണലിലാണ് ഇതുസംബന്ധിച്ച കേസ് സ്റ്റഡി പ്രസിദ്ധീകരിക്കുന്നത്.
മസാച്യുസെറ്റ്സ് മെഡിക്കൽ സൊസൈറ്റിയിലെ ഡോക്ടർമാരാണ് സ്ഥിരീകരണം നടത്തിയത്. പൂച്ചകളിലും പട്ടികളിലും കാണപ്പെടുന്ന വിരയാണ് യുവാവിന്റെ കണ്ണിൽ കണ്ടെത്തിയത്. വേവിക്കാത്തതോ, പച്ചയായതോ ആയ മാംസം ഉപയോഗിച്ചതിലൂടെയാവാം വിര ശരീരത്തിലെത്തിയതെന്നാണ് കരുതുന്നത്.
കണ്ണിൽ ചുവപ്പും മങ്ങലുമായിരുന്നു ആദ്യ ലക്ഷണങ്ങൾ. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഗ്നാതോസ്റ്റോമ എന്ന വിര മൂലമുണ്ടാകുന്ന ഗ്നാതോസ്റ്റോമിയാസിസ് എന്ന പാരസൈറ്റിക് അണുബാധയാണ് കാരണമെന്ന് ഡോക്ടർമാർ കണ്ടെത്തിയത്.
ചിക്കൻ, ശുദ്ധജലമത്സ്യം, പാമ്പ്,, തവള തുടങ്ങിയവയിലേതെങ്കിലും വേവിക്കാതെ കഴിച്ചതിലൂടെയാവാം യുവാവിന് ഗ്നാതോസ്റ്റോമിയാസിസ് സ്ഥിരീകരിച്ചതെന്ന് ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കി. പിപിവി(pars plana vitrectomy)യിലൂടെയാണ് ഡോക്ടർമാർ വിരയെ നീക്കം ചെയ്തത്.
എന്താണ് ഒക്യുലർ ഗ്നാതോസ്റ്റോമിയാസിസ്?
ഗ്നാതോസ്റ്റോമ ലാർവ കണ്ണിനുള്ളിൽ പ്രവേശിക്കുന്നതുവഴിയുണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണിത്. മനുഷ്യരിൽ അപൂർവമായേ കാണപ്പെടാറുള്ളു. കണ്ണിനുള്ളിൽ വീക്കം, കാഴ്ച തകരാറുകൾ, ശ്രദ്ധിച്ചില്ലെങ്കിൽ അന്ധത എന്നിവയ്ക്ക് വരെ കാരണമാകാം. ഇത്തരം അണുബാധകളെ പ്രതിരോധിക്കാനുള്ള പ്രധാനവഴി വേവിക്കാത്ത മാംസം കഴിക്കാതിരിക്കുക എന്നതാണ്.
Content Highlights: Doctors discover live worm in man`s eye, causing vision impairment.