മുപ്പത്തിയേഴാം വയസ്സിൽ ആർത്തവവിരാമം, ഇപ്പോൾ തുറന്നുപറയാൻ കാരണമുണ്ട്- ലിസ റേ

#Health Desk
ലിസ റേ
ലിസ റേ

മുപ്പത്തിയേഴാം വയസ്സിൽ ആർത്തവ വിരാമം ഉണ്ടായതിനേക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും മോഡലുമായ ലിസ റേ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അമ്പത്തിമൂന്നുകാരിയായ ലിസ ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. അർബുദത്തിനു പിന്നാലെ കീമോതെറാപ്പി ചെയ്തതാണ് ആർത്തവവിരാമം നേരത്തേയാക്കിയതെന്നും ലിസ പറഞ്ഞു.

2009-ലാണ് ലിസ റേക്ക് മൾട്ടിപ്പിൾ മൈലോ എന്ന രക്താർബുദം സ്ഥിരീകരിക്കുന്നത്. രോഗത്തെ അതിജീവിച്ച് മൂന്നുവർഷങ്ങൾക്കുശേഷം 2012-ൽ വീണ്ടും ലിസയ്ക്ക് അർബുദം സ്ഥിരീകരിച്ചു. തുടർന്നുള്ള ചികിത്സയ്ക്കൊടുവിൽ മുപ്പത്തിയേഴാം വയസ്സിൽ തനിക്ക് ആർത്തവ വിരാമം ഉണ്ടായെന്ന് ലിസ പറഞ്ഞു. കീമോതെറാപ്പി തന്നെ നേരത്തേയുള്ള ആർത്തവവിരാമത്തിലേക്ക് എത്തിച്ചു. ചികിത്സയിലൂടെ ജീവൻ രക്ഷിക്കാനാവുമെങ്കിലും പ്രത്യുത്പാദനശേഷി നഷ്ടപ്പെടുമെന്ന് തന്നെ അറിയിച്ചിരുന്നുവെന്നും ലിസ പറഞ്ഞു.

എന്നാൽ അന്ന് താൻ അത് അംഗീകരിക്കാൻ തീരെ സജ്ജയായിരുന്നില്ലെന്നും ലിസ പറഞ്ഞു. വർഷങ്ങളോളം നിശബ്ദം പോരാടി. കാൻസറിനെ അതിജീവിച്ചു, പക്ഷേ താൻ നിശബ്ദം പോരാടിയ ഘട്ടമാണ് നേരത്തേയെത്തിയ ആർത്തവവിരാമം. ഒരു സ്ത്രീയും ഒറ്റയ്ക്കല്ലെന്നുപറയാനാണ് ഇപ്പോൾ ഇക്കാര്യം തുറന്നുപറയാൻ തീരുമാനിച്ചത്. മധ്യവയസ്സിൽ സ്ത്രീകൾക്ക് തനിച്ചായെന്നോ, ഭയമോ തോന്നരുതെന്നും ലിസ പറഞ്ഞു.

പ്രായമാകുന്നതിനനുസരിച്ച് നാൽപതുകളിലും അമ്പതുകളിലും സ്വാഭാവികമായി വരുന്ന ആർത്തവവിരാമം സർജറി, ചില ചികിത്സകൾ തുടങ്ങിയവയുടെ ഭാഗമായി നേരത്തേവരാം. കീമോതെറാപ്പി ചെയ്യുന്നവരിൽ ആർത്തവവിരാമം നേരത്തേയെത്തുന്നതിനെ കീമോപോസ് എന്നുപറയാറുണ്ട്. കീമോതെറാപ്പിക്കുശേഷം അണ്ഡങ്ങൾ നശിക്കുകയും എണ്ണത്തിൽ കുറവുവരികയും ചെയ്യുന്ന അവസ്ഥയാണിത്. കീമോതെറാപ്പി അണ്ഡാശയം ഉൾപ്പെടെയുള്ള പ്രത്യുത്പാദന അവയവങ്ങളെ ബാധിക്കുകയും ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോണുകളുടെ ഉത്പാദനത്തെ ബാധിക്കുകയും ക്രമേണ ആർത്തവം നിലയ്ക്കുകയും ചെയ്യുകയാണിവിടെ സംഭവിക്കുന്നത്.

എന്നാൽ പ്രായം, കീമോതെറാപ്പിയുടെ സ്വഭാവം, ഡോസ് തുടങ്ങിയവയ്ക്കനുസരിച്ച് ഇത് താൽക്കാലികവുമാവാം. മുപ്പത്തിയഞ്ച് വയസ്സിന് താഴെയുള്ളവരിൽ ചികിത്സയ്ക്കുശേഷം ആർത്തവം തിരികെയെത്താറുണ്ട്. അണ്ഡാശയങ്ങൾക്ക് അധികം കേടുപാട് വരുത്താത്ത കീമോതെറാപ്പി രീതിയും ഡോസേജിലുള്ള വ്യത്യാസങ്ങളുമൊക്കെ ആർത്തവവിരാമം താൽക്കാലികവും സ്ഥിരവുമാക്കുന്നതിൽ പങ്കുവഹിക്കുന്ന ഘടകങ്ങളാണ്.

ആർത്തവവിരാമം

45-50 വയസ്സോടടുപ്പിച്ച് സ്ത്രീകളിൽ ആർത്തവം പൂർണമായും നിൽക്കുന്ന അവസ്ഥയാണ് ആർത്തവവിരാമം. ശാരീരിക മാറ്റങ്ങൾ, മാനസിക സമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, വിഷാദരോഗം എന്നുതുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. അണ്ഡാശയങ്ങളുടെ പ്രവർത്തന ശേഷി കുറയുകയും ഹോർമോൺ ഉൽപാദനം നിൽക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം. മാസമുറ ക്രമം തെറ്റി വരികയും ക്രമേണ ഇല്ലാതാവുകയും ചെയ്യും. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന 50 ശതമാനം സ്ത്രീകളിലും ശരീരത്തിന് ചൂട് കൂടുതലായി അനുഭവപ്പെടുന്ന ഹോട്ട ഫ്‌ളഷസ് (hot flashes) ഉണ്ടാകാറുണ്ട്. ക്ഷീണം, ദേഷ്യം, ഉറക്കക്കുറവ്, ഓർമ്മക്കുറവ്, വിഷാദം, മാനസിക പിരിമുറുക്കങ്ങൾ എന്നിവ അനുഭവപ്പെടാം. മൂത്രം പിടിച്ചു നിർത്താനുള്ള ശേഷി കുറയുക, കാൽസ്യത്തിന്റെ അളവ് കുറയുകയും കാണാറുണ്ട്. ഇതുമൂലം എല്ലുതേയ്മാനം അഥവാ ഓസ്റ്റിയോപൊറോസിസ് എന്ന അസുഖമായി മാറാനുള്ള സാധ്യതയുമുണ്ട്.

Content Highlights: Canadian actress Lisa Ray bravely shares her experience with early menopause at 37, a consequence of her cancer treatment.