ഗർഭത്തിന്റെ അഞ്ചാം മാസത്തിൽ രക്താർബുദം, ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകി യുവതി

ഗർഭകാലത്തിനിടയിൽ രക്താർബുദം സ്ഥിരീകരിച്ച യുവതി പൂർണ ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകി. മധ്യപ്രദേശിൽ നിന്നുള്ള മുപ്പത്തിരണ്ടുകാരിയാണ് ഡൽഹിയിലെ ബിഎൽകെ-മാക്സ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാതെ കുഞ്ഞിന് ജന്മം നൽകിയത്.
അഞ്ചാം മാസത്തിൽ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന അതിവേഗം പടരുന്ന രക്താർബുദമാണ് യുവതിക്ക് സ്ഥിരീകരിച്ചത്. ഗർഭത്തിന്റെ 32 ആഴ്ചയിൽ, കുഞ്ഞിന് വളർച്ചാ നിയന്ത്രണവും രക്തയോട്ടത്തിലെ മാറ്റങ്ങളും കണ്ടെത്തിയ സാഹചര്യത്തിലാണ് മെയ് 7-ന് അടിയന്തരമായി സിസേറിയൻ നടത്തിയത്. 1.28 കിലോഗ്രാം ഭാരമുള്ള കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഗർഭകാലത്തെ കാൻസർ ചികിത്സ വിരളവും വൈദ്യശാസ്ത്രപരമായി വെല്ലുവിളി നിറഞ്ഞതുമാണെന്ന് ഡോക്ടർമാർ പറഞ്ഞു. കീമോതെറാപ്പി പോലുള്ള ചികിത്സാരീതികൾ ഗർഭസ്ഥ ശിശുവിന് അപകടമുണ്ടാക്കാൻ സാധ്യതയുള്ളതാണ് പ്രധാന വെല്ലുവിളി.
ബഹുമുഖ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് രോഗത്തെ നിയന്ത്രിക്കുന്നതിനും ഗർഭകാലം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ചികിത്സാ പദ്ധതി തയ്യാറാക്കിയത്.
"ഗർഭകാലത്തെ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ വളരെ അപൂർവ്വവും ഉയർന്ന അപകടസാധ്യതയുള്ളതുമായ അവസ്ഥയാണ്, അതിന് അടിയന്തര ഇടപെടൽ ആവശ്യമാണ്. കുഞ്ഞിന്റെ സുരക്ഷയ്ക്ക് കോട്ടംതട്ടാത്ത രീതിയിൽ കാൻസറിനെ നിയന്ത്രിക്കുക എന്നതാണ് പ്രധാന വെല്ലുവിളി."- ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. ധർമ്മ ചൗധരി പറഞ്ഞു.
കീമോതെറാപ്പിയും ഒപ്പം നിരന്തരം ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം നിരീക്ഷിച്ചതുമാണ് യുവതിയുടെ ആരോഗ്യനില മെച്ചപ്പെടുത്തിയതിനൊപ്പം ഗർഭകാലവും നീട്ടിയത്.
കുഞ്ഞിന് അതീവ പരിചരണം നൽകുന്നതിനൊപ്പം, അമ്മയ്ക്ക് ലുക്കീമിയയ്ക്കുള്ള തുടർചികിത്സകൾ നൽകാൻ തയ്യാറെടുക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Content Highlights: 32-year-old woman diagnosed with Acute Lymphoblastic Leukemia in the 5th month of pregnancy., Successful delivery via emergency C-section.