'സ്റ്റെൽത്തി'യാണെങ്കിലും സുരക്ഷ വേണം; എഫ്-35 ഉപയോഗിച്ച് ബോധവത്കരണവുമായി എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി

സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പങ്കുവെച്ച ബോധവത്കരണ പോസ്റ്റർ, തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം | Photos: Facebook, CISF
സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പങ്കുവെച്ച ബോധവത്കരണ പോസ്റ്റർ, തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം | Photos: Facebook, CISF

തിരുവനന്തപുരം വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി എത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ താരം. പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളുകള്‍ക്കൊപ്പം വിവിധ ബ്രാന്‍ഡുകള്‍ തങ്ങളുടെ 'ബ്രാന്‍ഡ് അംബാസഡറാ'യും എഫ്-35-നെ ഉപയോഗിച്ചു. 'ഒരിക്കലും വിട്ടുപോകാന്‍ ആഗ്രഹിക്കാത്ത സ്ഥലം' എന്ന് വിമാനം പറയുന്നതായി ചിത്രീകരിക്കുന്ന കേരള ടൂറിസത്തിന്റെ പരസ്യമാണ് ഇക്കൂട്ടത്തില്‍ വൈറലായത്. ഒപ്പം യുകെയിലെ മാഞ്ചസ്റ്ററിലുള്ള കേരളാ റെസ്റ്ററന്റ് 'മകനേ മടങ്ങിവരൂ' എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്ത രസകരമായ പരസ്യവും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, എയ്ഡ്‌സിനെതിരായ ബോധവത്കരണത്തിനും എഫ്-35 ഉപയോഗിക്കപ്പെട്ടിരിക്കുകയാണ്. 

കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയാണ് ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം ഉപയോഗിച്ചുകൊണ്ട് ബോധവത്കരണ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. സാമൂഹികമാധ്യമങ്ങള്‍ പോസ്റ്റ് ചെയ്ത രസകരമായ ബോധവത്കരണ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

യുഎസ് നിര്‍മ്മിത സ്‌റ്റൈല്‍ത്ത് യുദ്ധവിമാനമാണ് എഫ്-35. റഡാറുകള്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളുടെ കണ്ണില്‍ പെടാതെ പറക്കാന്‍ കഴിയുന്നവയാണ് സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍. എഫ്-35 യുദ്ധവിമാനത്തിന്റെ ഈ സവിശേഷതയെ ക്രിയാത്മകമായി ഉള്‍ച്ചേര്‍ത്താണ് എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. 

വിമാനത്താവളത്തില്‍ മഴയത്ത് നിര്‍ത്തിയിട്ട എഫ്-35 യുദ്ധവിമാനത്തെ 'സുരക്ഷിതകവചം' ഉപയോഗിച്ച് മൂടിപ്പൊതിഞ്ഞിരിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. 'സ്‌റ്റെല്‍ത്തിയാണോ? എങ്കിലും സുരക്ഷ വേണം' എന്ന വാചകമാണ് വിമാനത്തിന്റെ ചിത്രത്തിനൊപ്പമുള്ളത്. സ്റ്റെൽത്ത് എന്ന ഇംഗ്ലീഷ് വാക്കിന് രഹസ്യം എന്നാണ് അർഥം. 

Also Read: 'മകനേ മടങ്ങിവരൂ...'; കേരളത്തിലുള്ള ബ്രിട്ടീഷ് യുദ്ധവിമാനത്തെ 'പരസ്യമോഡലാക്കി' യുകെയിലെ റെസ്റ്ററന്റും

'സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ എച്ച്‌ഐവിയും ലൈംഗികരോഗങ്ങളും (എസ്ടിഐ) പകരാം. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സുരക്ഷിതമായ ലൈംഗികബന്ധം ഉറപ്പുവരുത്താനും എല്ലായ്‌പ്പോഴും കോണ്ടം ഉപയോഗിക്കുക' എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. 'എത്ര സ്‌റ്റെല്‍ത്തിയാണെങ്കിലും സുരക്ഷിതമായിരിക്കുക' എന്ന ക്യാപ്ഷനോടെയാണ് എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പോസ്റ്റര്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Content Highlights: Kerala State AIDS Control Society makes awareness poster using stranded British F-35 fighter jet