വണ്ടൂരിൽ മഞ്ഞപ്പിത്തം വ്യാപനം തുടരുന്നു; 59 പേർക്കുകൂടി രോഗബാധ, ആകെ രോഗബാധിതർ 157 ആയി

കാളികാവ്: മഞ്ഞപ്പിത്തം അനിയന്ത്രിതമായി വ്യാപിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. വണ്ടൂർ, തിരുവാലി, പോരൂർ, കാളികാവ് ഉൾപ്പെടെ വിവിധ പഞ്ചായത്തുകളിൽ രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ചൊവ്വാഴ്ച വരെ 98 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച 59 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 157 ആയി. കരളിന് മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ മരിച്ച കാളികാവിൽ 12 പേർക്കുകൂടി സ്ഥിരീകരിച്ചു. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അനിയന്ത്രിത രോഗവ്യാപനം നാട്ടുകാരെയും ആരോഗ്യ പ്രവർത്തകരെയും ആശങ്കയിലാക്കിയിട്ടുണ്ട്.
ഹോട്ടലിൽനിന്ന് ഭക്ഷണംകഴിച്ച കൂടുതൽ പേരുടെ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ട്. യാത്രക്കാരായ പലരും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതും രോഗബാധയുടെ വ്യാപ്തി വിലയിരുത്തുന്നതും ആരോഗ്യവകുപ്പിന് വെല്ലുവിളിയാണ്. ഹോട്ടലുമായി ബന്ധപ്പെട്ട് രോഗബാധിതരായവരിൽ വണ്ടൂർ, കാളികാവ്, പോരൂർ, തിരുവാലി പഞ്ചായത്തുകളിലുള്ളവരുണ്ട്. വണ്ടൂർ പഞ്ചായത്തിലാണ് കൂടുതൽ പേർ. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുന്നുണ്ട്. കുടിവെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കുക, ഭക്ഷണം തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ശുചിത്വംപാലിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യപ്രവർത്തകർ നൽകുന്നു. രോഗലക്ഷണങ്ങളുള്ളവർ സ്വയം ചികിത്സിക്കാതെ ആരോഗ്യകേന്ദ്രങ്ങളിൽ പരിശോധന നടത്തണമെന്നും നിർദേശമുണ്ട്.
പഞ്ചായത്തുകളിലെ രോഗബാധ
| പഞ്ചായത്ത് | ചൊവ്വാഴ്ച വരെ | ബുധനാഴ്ച സ്ഥിരീകരിച്ചത് |
| വണ്ടൂർ | 51 | 14 |
| തിരുവാലി | 13 | 22 |
| മമ്പാട് | 1 | 1 |
| പോരൂർ | 15 | 6 |
| പാണ്ടിക്കാട് | 2 | 0 |
| തൃക്കലങ്ങോട് | 5 | 1 |
| ചോക്കാട് | 0 | 2 |
| പോത്തുകല്ല് | 0 | 1 |
| കരുവാരക്കുണ്ട് | 1 | 0 |
ഷൊർണൂർ | 1 | 0 |
| കാളികാവ് | 8 | 12 |
| ആകെ | 97 | 59 |
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
രോഗബാധിതർ ഭക്ഷണം പാചകംചെയ്യുന്നതും വിളമ്പുന്നതും ഒഴിവാക്കണം. വിരുന്നുകളിലും സത്കാരങ്ങളിലും മറ്റു പൊതുചടങ്ങുകളിലും പങ്കെടുക്കുന്നതും ഒഴിവാക്കണം. രോഗബാധിതർ ഉപയോഗിക്കുന്ന ശൗചാലയം, ബക്കറ്റ്, മഗ്, ഭക്ഷണപാത്രങ്ങൾ എന്നിവ മറ്റുള്ളവർ പങ്കിട്ട് ഉപയോഗിക്കരുത്. രോഗബാധിതരും അവരുമായി സമ്പർക്കത്തിലുള്ളവരും വ്യക്തിശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ചികിത്സയിലുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കൃത്യമായി കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. തിളപ്പിച്ച വെള്ളം തണുപ്പിക്കാൻ പച്ചവെള്ളം ചേർക്കരുത്. പൈപ്പിലെ വെള്ളം തിളപ്പിക്കാതെ കുട്ടികൾ കുടിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം. ശൗചാലയം ഉപയോഗിച്ചശേഷവും ഭക്ഷണം കഴിക്കുന്നതിനുമുൻപും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം.
പനി, ശരീരവേദന, ഓക്കാനം, ഛർദി, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. സ്വയംചികിത്സ പൂർണമായി ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Content Highlights: Jaundice outbreak in Kalikavu raises concerns as hepatitis cases reach 157. Health department intensifies preventive measures to control the spread.