ആയുഷ് ഡോക്ടര്‍മാരുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിരസിക്കുന്നത് നിയമവിരുദ്ധം

#ദിനകരന്‍ കൊമ്പിലാത്ത്
Representative Image| Photo: Gettyimages
Representative Image| Photo: Gettyimages

കണ്ണൂര്‍: അലോപ്പതി ഡോക്ടര്‍മാര്‍ക്കെന്ന പോലെ ആയുഷ് ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഫിറ്റ്നസ് ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും സാക്ഷ്യപ്പെടുത്താനും ഭരണഘടനാപരമായ അവകാശമുണ്ടെന്ന് നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ (എന്‍.സി.ഐ.എസ്.എം.).

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ ആയുഷ് ഡോക്ടര്‍മാര്‍ അയച്ച മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിരസിച്ചതായ പരാതിയിലാണ് എന്‍.സി.ഐ.എസ്.എം. ചെയര്‍മാന്റെ അറിയിപ്പ്.

രാജ്യത്തിന്റെ പലഭാഗത്തും ആയുര്‍വേദ, യുനാനി, സിദ്ധ വിഭാഗത്തിന്റെ അംഗീകാരമുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍ നല്‍കുന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പല സ്ഥാപനങ്ങളും നിഷേധിക്കുന്നതായാണ് പരാതി. ചില സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിലും ഇവരെ വിലക്കിയിട്ടുണ്ട്.

അലോപ്പതി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കാനാവൂ എന്നാണ് ചില കേന്ദ്രങ്ങള്‍ പറഞ്ഞത്. ഇക്കാര്യങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന് എന്‍.സി.ഐ.എസ്.എം. അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് ആയുഷ് മന്ത്രാലയത്തിനു ലഭിച്ച പരാതിയിലാണ് എന്‍.സി.ഐ.എസ്.എം. വ്യക്തത വരുത്തിയത്. എന്‍.സി.ഐ.എസ്.എം. ആക്ട് 2020 പ്രകാരം രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പൂര്‍ണ അധികാരമുണ്ട്. കമ്മിഷന്റെ തീരുമാനം ഭരണഘടനാപരമാണ്. അത് നിഷേധിക്കാനോ നിരസിക്കാനോ ആര്‍ക്കും അവകാശമില്ലെന്ന് കമ്മിഷന്‍ ബോര്‍ഡ് ഓഫ് എത്തിക്‌സ് ആന്‍ഡ് രജിസ്ട്രേഷന്‍ പ്രസിഡന്റ് പ്രൊഫ. രാകേഷ് ശര്‍മ പറഞ്ഞു.

Content Highlights: It is illegal to refuse a fitness certificate of ayush doctors

Content Highlights: