ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് ഫാറ്റി ലിവർ ഭേദമാക്കുമോ?; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം, ആരാണ് ശ്രദ്ധിക്കേണ്ടത്?

ഇന്നത്തെ കാലത്ത് ഏറ്റവും പ്രചാരത്തിലുള്ള ഉപവാസ രീതികളിലൊന്നാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് (IF). ശരീരഭാരം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട ഉപാപചയ പ്രവർത്തനത്തിനുമായി പലരും ഈ രീതി പിന്തുടരുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ മാത്രം ഭക്ഷണം കഴിക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന ആശയം. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ കൊഴുപ്പ് എരിച്ചുകളയാനും ഈ രീതി സഹായിക്കുന്നു.
അതേസമയം, മറുവശത്ത് വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ. അമിതവണ്ണം, പ്രമേഹം, മോശം ജീവിതശൈലി എന്നിവയുമായി ബന്ധപ്പെട്ട ഈ രോഗം ഇപ്പോൾ വലിയ ആശങ്കയായിരിക്കുകയാണ്. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഫാറ്റി ലിവർ നിയന്ത്രിക്കാനോ ഭേദമാക്കാനോ സഹായിക്കുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യങ്ങളിലൊന്ന്. ഈ രീതി എങ്ങനെയാണ് പിന്തുടരേണ്ടത്, ശ്രദ്ധിക്കേണ്ട അപകടസാധ്യതകൾ എന്തൊക്കെയാണെന്ന് വിവിധ പഠനങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഇന്റമിറ്റന്റ് ഫാസ്റ്റിംഗ്
ഇടവിട്ടുള്ള ഉപവാസം അഥവാ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ശരീരഭാരം കുറയ്ക്കാനുള്ള മാർഗമായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഡയറ്റിങ് രീതിയാണ്. ദിവസവും ആറുമണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെ ദഹനവ്യവസ്ഥക്ക് വിശ്രമം നൽകുന്ന ഈ രീതി ആരോഗ്യം മെച്ചപ്പെടുത്താനും ഭാരം കുറയ്ക്കാനും ഫലപ്രദമാണെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതുമാണ്.
എന്താണ് ഫാറ്റി ലിവർ?
ജീവിതശൈലീ മാറ്റങ്ങളിലൂടെ രക്തത്തിലുണ്ടാകുന്ന അമിത കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷികുറയുകയും കരളില്‍ കൊഴുപ്പ് അടിയുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍. സാധാരണഗതിയില്‍ ഫാറ്റിലിവര്‍ അപകടകാരി അല്ല. എന്നാല്‍, ഒരാള്‍ക്ക് ഫാറ്റിലിവര്‍ എന്ന അവസ്ഥ ഉണ്ടായതിനൊപ്പം ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റില്‍ അപാകതകള്‍ ഉണ്ടാവുകയോ/ കരൾ കോശങ്ങൾക്ക് നീർക്കെട്ട് കാണപ്പെടുകയോ ചെയ്താൽ ഭാവിയില്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകാം.
രണ്ട് തരത്തിലാണ് ഫാറ്റിലിവര്‍ പ്രധാനമായും കാണപ്പെടുന്നത്. ഇതില്‍ ഒന്നാമത്തേതും വ്യാപകമായി കാണപ്പെടുന്നതും മദ്യപിക്കുന്നതിന്റെ ഭാഗമായി വരുന്ന ഫാറ്റിലിവറാണ്. രണ്ടാമത്തെത് മദ്യപിക്കാത്തവരില്‍ കാണപ്പെടുന്നതും. ജീവിതശൈലിയിലെ പ്രശ്നങ്ങള്‍, പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയാണ് മദ്യപിക്കാത്തവരില്‍ ഫാറ്റിലിവറിലേക്ക് നയിക്കുന്നത്.
ഇന്റര്‍മിറ്റന്റ് രീതിയുടെ ഗുണങ്ങൾ
1. കരളിന്റെ കൊഴുപ്പ് കുറയും
ഇടവിട്ടുള്ള ഉപവാസം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഈ രീതി ശരീരഭാരം കുറയ്ക്കുകയും ആന്തരികാവയവങ്ങളിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. അതുവഴി, ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രോക്ഷമായി കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. വയറിലെ കൊഴുപ്പ് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് കുറയ്ക്കുന്നത് കരളിന്റെ ഭാരവും ലഘൂകരിക്കും.
2. ലിവർ എൻസൈമുകളെ മെച്ചപ്പെടുത്തുന്നു
ALT, AST തുടങ്ങിയ ഉയർന്ന ലിവർ എൻസൈമുകൾ കരളിലെ വീക്കത്തിന്റെയും തകരാറിന്റെയും സൂചകങ്ങളാണ്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതി ഈ എൻസൈമുകളുടെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
3. മെച്ചപ്പെട്ട ഇൻസുലിൻ സംവേദനക്ഷമത:
Insulin resistance NAFLD-യുടെ ഒരു പ്രധാന ലക്ഷണമാണ്. ഇടവിട്ടുള്ള ഉപവാസം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് ശരീരം പോകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
ഇന്റര്‍മിറ്റന്റ് രീതിയുടെ ദോഷങ്ങൾ
1. ഉയർന്ന കോർട്ടിസോൾ
ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുന്നത് ശരീരം സമ്മർദ്ദത്തിലാണെന്ന് സൂചിപ്പിക്കുകയും കോർട്ടിസോൾ നില വർധിപ്പിക്കുകയും ചെയ്യും. ഇത് ഉത്കണ്ഠ, ക്ഷീണം, വയറിലെ കൊഴുപ്പ് കൂടുന്നതിന് വരെ കാരണമാകാം.
2. ഹോർമോൺ അസന്തുലിതാവസ്ഥ
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് രീതി സ്ത്രീകളിൽ ഈസ്ട്രജൻ, പ്രോജസ്റ്ററോൺ ഹോർമോണുകളുടെ അളവ് താളം തെറ്റിക്കാൻ സാധ്യതയുണ്ട്. ഇത് ആർത്തവചക്രത്തേയും മാനസികാവസ്ഥയേും എന്തിന് പ്രത്യുത്പാദനത്തെപ്പോലും ബാധിച്ചേക്കാം.
3. മെറ്റബോളിസം
അമിതമായ ഫാസ്റ്റിങ് മെറ്റബോളിസം പതുക്കെയാക്കാൻ സാധ്യതയുണ്ട്. ഇത് ഭാരം കുറയുന്നത് തടയുകയും കാലക്രമേണ ശരീരഭാരം കൂടാൻ കാരണമാകുകയും ചെയ്തേക്കാം.
4. ദഹനസംബന്ധമായ പ്രശ്നങ്ങൾ
ക്രമമല്ലാത്ത ഭക്ഷണരീതികൾ വയറുവീർക്കുന്നതിനും അസിഡിറ്റി, മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്കും കാരണമാകും.
ആരാണ് ശ്രദ്ധിക്കേണ്ടത്?
- ഗർഭിണികളോ മുലയൂട്ടുന്ന അമ്മമാരും: ഈ ഘട്ടങ്ങളിൽ ഉയർന്ന പോഷക ആവശ്യങ്ങളുണ്ട്. അതിനാൽ, ഉപവാസം അമ്മയ്ക്കും കുഞ്ഞിനും ദോഷം ചെയ്യും.
- കുട്ടികളും കൗമാരക്കാരും: വളരുന്ന ശരീരത്തിന് സ്ഥിരമായ പോഷകാഹാരം ആവശ്യമാണ്. ഉപവാസം വളർച്ചയെയും വികാസത്തെയും ബാധിച്ചേക്കാം.
- പ്രായമായവർ: പ്രായമായവരിൽ പോഷകങ്ങളുടെ കുറവിനും പേശികൾ നഷ്ടപ്പെടുന്നതിനുമുള്ള സാധ്യത കൂടുതലാണ്.
- രോഗികൾ: പ്രമേഹം, ഹൃദ്രോഗം, അല്ലെങ്കിൽ ലിവർ സിറോസിസ് തുടങ്ങിയ രോഗങ്ങളുള്ളവർ കർശനമായ വൈദ്യോപദേശത്തിന് കീഴിൽ മാത്രമേ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ശീലിക്കാവൂ.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Does intermittent fasting improve fatty liver? Explore the benefits, risks, and who should avoid IF for liver health.