ഇ.സി. ജി. വ്യതിയാനങ്ങൾ ചർച്ചചെയ്യാൻ ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട് ഐ.എം.എ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷനേഴ്സ് (സി.ജി.പി) വിഭാഗം ഡോക്ടർമാർക്ക് വേണ്ടി ഇ.സി.ജി ശില്പശാല സംഘടിപ്പിച്ചു. ഹൃദയസംബന്ധമായ വിവിധ രോഗവസ്ഥകളിലെയും ധാതുമൂലകങ്ങളുടെ വ്യതിയാനങ്ങൾ മൂലമുള്ള സാഹചര്യങ്ങളിലെയും വിഷബാധയേറ്റ അവസ്ഥകളിലെയും മറ്റു അപൂർവ സാഹചര്യങ്ങളിലെയും ഇ.സി. ജി. വ്യതിയാനങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്തു. ഐ.എം.എ സി.ജി.പി കോഴിക്കോട് ശാഖയും ആസ്റ്റർ മിംസ് എമർജൻസി മെഡിസിൻ വിഭാഗവും കാർഡിയോളജി വിഭാഗവും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്.
ജൂൺ 13 വ്യാഴാഴ്ച രാവിലെ 8.30 നു കോഴിക്കോട് ഐ.എം.എ ഹാളിൽ നടന്ന ഉദ്ഘാടനചടങ്ങിൽ ബ്രാഞ്ചിന്റെ സീനിയർ വൈസ് പ്രസിഡന്റ് ഡോ. ശങ്കർ മഹാദേവൻ അധ്യക്ഷത വഹിച്ചു. മുൻ ഐ.എം.എ സംസ്ഥാന പ്രസിഡന്റും മുതിർന്ന നേതാവുമായ ഡോ.വി.ജി. പ്രദീപ് കുമാർ ഉദ്ഘാടനകർമം നിർവഹിച്ചു. വിവിധ വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള ശില്പശാലകൾ മെഡിക്കൽ പ്രാക്ടീസിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അവ കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ജില്ലയിലെ സീനിയർ കാർഡിയോളജിസ്റ്റ് ആയ ഡോ.പി.കെ.അശോകൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഐ.എം.എ സി.ജി.പി. അസി. ഡയറക്ടർ ഡോ.ബേബി സുപ്രിയ, സെക്രട്ടറി ഡോ.ജിതിൻ. ജി.ആർ തുടങ്ങിയവർ സംസാരിച്ചു.
കോഴിക്കോട് ആസ്റ്റർ മിംസ് എമർജൻസി മെഡിസിൻ വിഭാഗം ഡയറക്ടറും വകുപ്പ് മേധാവിയുമായ ഡോ. പി.പി.വേണുഗോപാലൻ ശില്പശാലക്ക് നേതൃത്വം നൽകി. 43 യുവ ഡോക്ടർമാർ പങ്കെടുത്ത ശില്പശാലയിൽ മിംസിലെ എമർജൻസി മെഡിസിൻ, കാർഡിയോളജി വിഭാഗങ്ങളിൽ നിന്നായി ഡോ.മുഹമ്മദ് ഷാഫി, ഡോ. വിമൽ കോശി തോമസ്, ഡോ.ഷെബിൻ അൽത്താഫ് അലി, ഡോ. ഇജാസ് അഹമ്മദ്, ഡോ. സുദീപ് കോശി കുരിയൻ, ഡോ. ജലീൽ.കെ.കെ, ഡോ. വിനീത്.എൻ, ഡോ.അഹമ്മദ് ഷാഫി, ഡോ.വിനോത് കുമാർ, ഡോ.പോൾ പീറ്റർ, ഡോ.ബീന, ഡോ.അൻവർ.കെ, ഡോ.ഷംനമോൾ.കെ തുടങ്ങിയവർ 16 സ്കിൽ സ്റ്റേഷനുകളിലായി പങ്കെടുത്തവർക്ക് പരിശീലനം നൽകി.
Content Highlights: indian medical association ecg workshop