മോഡേൺ മെഡിസിൻരംഗത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം, സങ്കരവൈദ്യം വേണ്ടേ വേണ്ടാ

#ഡോ. ശശിധരൻ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഭാരതത്തിൽ ഇന്ന് നിലവിലുള്ള വിവിധ ചികിത്സാശാഖകൾ തനതായ രീതിയിൽ പ്രസക്തമാണ് എന്ന അഭിപ്രായമാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നോട്ടുവെക്കുന്നത്.

പോണ്ടിച്ചേരി ജിപ്മർ മെഡിക്കൽ കോളേജിൽ നടന്ന ഒരു ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ പ്രഖ്യാപനം സങ്കരവൈദ്യത്തിന്റെ മൂർത്തരൂപമാണെന്ന് കാണുന്നു. ഇന്ത്യയിൽ ആദ്യമായി സംയോജിത വൈദ്യപഠനം (Integrated Medicine) നിലവിൽവരാൻപോകുന്നത് ജിപ്‌മെറിലായിരിക്കും എന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. ഇതിന്റെ അർഥം ആധുനിക വൈദ്യശാസ്ത്രപഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു മെഡിക്കൽ കോളേജിലേക്ക് മറ്റ് ചികിത്സാവിഭാഗങ്ങളെ തിരുകിക്കയറ്റാനുള്ള തീവ്രശ്രമം നടക്കുന്നു എന്നാണ്. ദിനംപ്രതിയെന്നോണം വികസനത്തിന്റെ ദിശയിൽ കുതിച്ചുമുന്നേറുന്ന മോഡേൺ മെഡിസിൻരംഗത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമായാണ് ഇതിനെ കാണേണ്ടത്. മറ്റേതൊരു മേഖലയുംപോലെത്തന്നെ നിയമവിരുദ്ധമായ സംയോജനവും സങ്കലനവും എതിർക്കപ്പെടണം. ഇത്തരം വഴിവിട്ട നീക്കങ്ങൾ ഒരു പൗരന്റെ മൗലികാവകാശങ്ങളിൽ കൈകടത്തുന്നതിന് തുല്യമാണ്. ‍

ഐഎംഎ എന്നും ഉയർത്തുന്ന മുദ്രാവാക്യം ഓരോ ചികിത്സാശാഖയ്ക്കും അതിന്റേതായ മൗലികതയും നിലനിൽപ്പും ഉണ്ടാകണമെന്നാണ്. ഭാരതത്തിലെ പൗരാണികശേഷിപ്പുകളിൽ പറയപ്പെടുന്ന ചികിത്സാശാസ്ത്രങ്ങൾക്ക് തനതായ നിലനിൽപ്പുവേണം. ചികിത്സാസംവിധാനങ്ങൾ ആശ്രയിക്കുന്നവർക്ക് അതൊക്കെ തനതായ രീതിയിൽ ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിന്റേതാണ്. പൗരന്റെ ആരോഗ്യത്തെയും അവരുടെ അവകാശങ്ങളെയും ഹനിക്കുന്ന രീതിയിലുള്ള ശ്രമങ്ങൾ നിയമവിരുദ്ധവും തടയപ്പെടേണ്ടതുമാണ്.

പൊതുജനാരോഗ്യരംഗത്ത് നാം കൈവരിച്ച മുഴുവൻ നേട്ടങ്ങൾക്കും പിന്നിൽ ആധുനിക വൈദ്യശാസ്ത്രമേഖലമാത്രമാണ്. ആരോഗ്യരംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന ലോകരാഷ്ട്രങ്ങളെല്ലാംതന്നെ ചികിത്സാമേഖലകൾക്ക് തനതായ പ്രവർത്തനസ്വാതന്ത്ര്യം നൽകുന്നവയാണ്. ഇതൊക്കെക്കൊണ്ടുതന്നെ വിവിധ ചികിത്സാമേഖലകളെ സംയോജിപ്പിക്കുക എന്നത് നമ്മുടെ പുരോഗതിയെ പിന്നോട്ടുനയിക്കുന്നതിന് തുല്യമാണ്.

അന്താരാഷ്ട്രരംഗത്ത് തുടർപഠനം. സേവനമേഖല എന്നിവയ്ക്കായി പരിഗണിക്കുമ്പോൾ എന്നും മുൻപന്തിയിൽ നിൽക്കുന്നവയാണ് ഇന്ത്യൻ മെഡിക്കൽ ബിരുദങ്ങൾ. ഭാവിയിൽ സംയോജിത മെഡിക്കൽ പഠനം (ഇന്റഗ്രേറ്റഡ് മെഡിസിൻ) എന്ന പേരിൽ വരാനിരിക്കുന്ന ബിരുദങ്ങളെ വികസിതരാജ്യങ്ങൾ ഒരിക്കലും അംഗീകരിക്കില്ല.

ഇത്തരം നീക്കങ്ങൾ കൊണ്ട് ആർക്ക്, എന്ത് നേട്ടം എന്ന് ചിന്തിക്കേണ്ടിവരും. രാജ്യത്തിന്റെ പല ഭാഗത്തും കൂണുപോലെ ഉയർന്നുവരുന്ന മോഡേൺ മെഡിസിൻ, ആയുഷ് മെഡിക്കൽ കോളേജുകളിൽ ഇത്തരം സങ്കരസംവിധാനം വരുന്നത് ആർക്ക് ഗുണകരമാകുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.

വികസനമുന്നേറ്റങ്ങളെ പിന്നോട്ടുനയിക്കുന്ന തീരുമാനങ്ങൾ തിരുത്താൻ അധികാരികൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി ഐഎംഎ മുന്നോട്ടുവരും.

(ലേഖകൻ ഐഎംഎ കേരള സംസ്ഥാന സെക്രട്ടറിയാണ്)

Content Highlights: IMA opposes the integration of modern and traditional medicine in India