ഇന്ത്യയിൽ കാൻസർ രോഗികൾക്ക് സാധാരണയായി ഉപയോഗിക്കുന്ന രണ്ട് മരുന്നുകൾക്ക് ക്ഷാമം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന രണ്ട് കാൻസർ മരുന്നുകൾക്ക് ക്ഷാമമെന്ന് റിപ്പോർട്ട്. സിസ്പ്ലേറ്റിൻ, കാർബോപ്ലേറ്റിൻ എന്നീ മരുന്നുകൾക്കാണ് രാജ്യവ്യാപകമായി ക്ഷാമം നേരിടുന്നത്. ശ്വാസകോശം, ഗർഭാശയഗളം, അണ്ഡാശയം, തല, കഴുത്ത് എന്നിവിടങ്ങളിലെ കാൻസറുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണിത്.

രാജ്യത്തെ പ്രധാന സർക്കാർ, സ്വകാര്യ ആശുപത്രികളിൽപ്പോലും മരുന്നിന് ക്ഷാമമുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മരുന്നുക്ഷാമം നീണ്ടുനിന്നാൽ അത് രോഗികളുടെ ആരോഗ്യനിലയെ ബാധിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റുകളുടെ (APIs) ക്ഷാമം, വർധിച്ചുവരുന്ന ഉത്പാദനച്ചെലവ്, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവയാണ് മരുന്നുക്ഷാമത്തിന് പിന്നിലെ കാരണങ്ങളായി റിപ്പോർട്ടിൽ പറയുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ ഭാഗമായി സിസ്പ്ലേറ്റിൻ, കാർബോപ്ലേറ്റിൻ മരുന്നുകളുടെ അടിസ്ഥാന ഘടകമായ പ്ലാറ്റിനത്തിന്റെ വിലയിലുണ്ടായ വർധനവും പ്രധാന കാരണമായി വിദഗ്ധർ പറയുന്നുണ്ട്.

ഈ മരുന്നുകളുടെ ലഭ്യതക്കുറവ് ചികിത്സാ പദ്ധതികളെ തടസ്സപ്പെടുത്തുകയും രോഗികളുടെ അതിജീവനത്തെ ബാധിക്കുകയും രോഗം വീണ്ടും വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്ന് ഡൽഹി എയിംസിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. എം.ഡി റേ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Content Highlights: Nationwide shortage of Cisplatin and Carboplatin reported across India., Critical impact on treatment for lung, cervical, ovarian, and head/neck cancers