വൈറസ് ഗവേഷണം; ദേശീയതല കേന്ദ്രമാകാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: ജന്തുജന്യരോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനും ദേശീയതല ഏകോപനത്തിനുമുള്ള കേന്ദ്രമായി തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയെ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തി. ജന്തുരോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ദേശീയ വൺ ഹെൽത്ത് പ്രോഗ്രാമിന്റെ ഏകോപനച്ചുമതലയാണ് ഇൻസ്റ്റിറ്റ്യൂട്ടിനെ ഏൽപ്പിച്ചത്. ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം, പിഎം-ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചറർ മിഷനുകീഴിലാണ് പദ്ധതി.
മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ഇടപെടലിൽ നിന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി രോഗനിയന്ത്രണം സാധ്യമാക്കാനുള്ള പദ്ധതിയാണ് വൺഹെൽത്ത്. നിപ പോലുള്ളതും പുതിയതുമായ ജന്തുജന്യരോഗ വൈറസുകളെ കണ്ടെത്തുക, മനുഷ്യരിലേക്ക് പടരുന്നുണ്ടോയെന്ന് പരിശോധിച്ച് പ്രതിരോധിക്കുക എന്നിവയാണ് ലക്ഷ്യം. പഠനം അഞ്ചുവർഷം നീളും. ഓരോ വർഷവും ഒരുകോടിവീതം സാമ്പത്തികസഹായം ലഭിക്കും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിനാണ് പദ്ധതിനിർവഹണ ചുമതല. ഐഎവി ഡയറക്ടർ ഡോ. ഇ. ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ ഡോ. അശ്വതിരാജാണ് പദ്ധതി കോഡിനേറ്റർ.
നിപ, പേവിഷബാധ, എലിപ്പനി തുടങ്ങിയ ഒട്ടേറെ ജന്തുജന്യ രോഗങ്ങളുടെ ഭീഷണി നേരിടാൻ പഠനം സഹായിക്കുമെന്ന് ഡോ. ഇ. ശ്രീകുമാർ പറഞ്ഞു.
Content Highlights: Institute of Advanced Virology, Thiruvananthapuram, appointed India`s hub for zoonotic disease research and coordination. Learn about One Health initiative.