ആശുപത്രികൾ ചികിത്സാച്ചെലവുകൾ പ്രദർശിപ്പിക്കണം, നിർദേശവുമായി കേന്ദ്രം; പരാതി കുറയ്ക്കുക ലക്ഷ്യം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ആശുപത്രികളും മറ്റ് ക്ലിനിക്കൽ സ്ഥാപനങ്ങളും ചികിത്സാച്ചെലവുകൾ ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും പ്രദർശിപ്പിക്കണമെന്ന് കേന്ദ്രം. ഈ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അധികാരികൾക്ക് നിർദ്ദേശം നൽകാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.

ഓരോ തരം സേവനത്തിന്റെയും സൗകര്യത്തിന്റെയും നിരക്കുകൾ രോഗികൾക്കും കൂടെവരുന്നവർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പാകത്തിന് പ്രദർശിപ്പിക്കണമെന്നാണ് ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നത്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (രജിസ്‌ട്രേഷൻ ആൻഡ് റെഗുലേഷൻ) ആക്ട്, 2010, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ചട്ടങ്ങൾ, 2012 എന്നിവ അടിസ്ഥാനമാക്കിയാണ് ചട്ടങ്ങൾ നടപ്പിലാക്കുന്നത്.

വിദേശ രോഗികൾക്ക് ചികിത്സാ ചെലവുകളിൽ സുതാര്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും കേന്ദ്രം ചൂണ്ടിക്കാണിച്ചു. മെഡിക്കൽ, ആയുഷ് വിസകളിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന രോഗികൾക്കായി പാക്കേജ് നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യം ഒരു സംസ്ഥാന വിഷയമായതിനാൽ ഇത് നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചുമതലയാണ്.

ചികിത്സാച്ചെലവുകൾ കൃത്യമായി പ്രദർശിപ്പിക്കുന്നതിലൂടെ രോഗികൾക്കും കൂടെയുള്ളവർക്കും ചികിത്സയുടെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ധാരണ ലഭിക്കാനും അതിനനുസരിച്ച് തീരുമാനങ്ങൾ കൈക്കൊള്ളാനും കഴിയുമെന്ന് കേന്ദ്രം പറഞ്ഞു. ബില്ലുകളെ സംബന്ധിച്ച ആശയക്കുഴപ്പങ്ങളും തർക്കങ്ങളും കുറയ്ക്കാനും ആരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. പാക്കേജ് നിരക്കുകൾ പ്രദർശിപ്പിക്കുന്നതിലൂടെ സേവനവുമായി ബന്ധപ്പെട്ട വിദേശത്തുനിന്നുള്ള രോഗികളുടെ പരാതികൾ കുറയ്ക്കാൻ സാധിക്കുമെന്നും വിലയിരുത്തലുണ്ട്.

സ്വകാര്യ ആശുപത്രികളിൽ ചികിത്സാച്ചെലവുകൾ ഉയരുന്നുവെന്നതുസംബന്ധിച്ച ആശങ്കകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നിർദേശം വന്നിരിക്കുന്നത്.

Content Highlights: Indian government requires hospitals to display treatment costs in English and local languages, ensuring transparency for both domestic and international pat