വൈകിയുള്ള ഗർഭധാരണം, ഭക്ഷണക്രമം; നവജാതശിശുക്കളിൽ ജനിതകവൈകല്യം കൂടുന്നു, കാരണങ്ങൾ എന്ത്?

തിരുവനന്തപുരം: ജനിതകവൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നതായി നിയമസഭാസമിതിയുടെ കണ്ടെത്തൽ. നവജാതശിശുക്കളിലെ സൂക്ഷ്മരോഗനിർണയപദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ലഭിച്ചതാണ് ഈ കണക്കുകൾ.
ജനിതകവൈകല്യങ്ങളോടെ ജനിച്ച കുട്ടികൾ 2021-ൽ 2635 ആയിരുന്നു. 2022-ൽ ഇത് 3232 ആയും 2023-ൽ 4779 ആയും കൂടി. ഇതിന്റെ കാരണം കണ്ടെത്താൻ പഠനം നടത്തണമെന്ന് കെ.കെ. ശൈലജ അധ്യക്ഷയായ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ശുപാർശ ചെയ്തു.
വൈകല്യബാധിതർ തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ. മൂന്നുവർഷത്തെ കണക്കിൽ കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും രോഗബാധിതർ കൂടുതലാണ്. രോഗബാധിതരുടെ എണ്ണംമാത്രമേ സമിതിക്കുമുൻപാകെ ലഭിച്ചിട്ടുള്ളൂ. ഓരോയിടത്തെയും പരിശോധനയുടെ എണ്ണംകൂടി ലഭിച്ചാലേ ഏതെങ്കിലും പ്രത്യേക ജില്ലയിൽ ജനിതകവൈകല്യം കൂടുതലാണോയെന്ന് അറിയാനാകൂവെന്ന് സമിതി അഭിപ്രായപ്പെട്ടു.
ആരോഗ്യവകുപ്പിന്റെ ‘ശലഭം’ പദ്ധതിയുടെ ഭാഗമായി 2024-ൽ മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിലും തിരുവനന്തപുരം ജില്ലയിലാണ് വൈകല്യബാധിതർ കൂടുതൽ.
കാരണങ്ങൾ ഏറെ
- മാതാപിതാക്കളുടെ പ്രായക്കൂടുതൽ
- വൈകിയുള്ള ഗർഭധാരണം
- ജീവിതശൈലീരോഗങ്ങൾ തുടങ്ങിയവ ജനിതകവൈകല്യങ്ങൾക്ക് കാരണങ്ങളാവാം
- ഭക്ഷണക്രമം
- മൊബൈൽ ഉപയോഗം
തുക ചെലവഴിക്കുന്നതിൽ വീഴ്ച
സൂക്ഷ്മരോഗനിർണയപദ്ധതിക്കായി ഓരോ വർഷവും ചെലവഴിക്കുന്ന തുക ഗണ്യമായി കുറഞ്ഞുവരുന്നതായും സമിതി നിരീക്ഷിച്ചു.
ജനിതകവൈകല്യബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്
| ജില്ല | 2021 | 2022 | 2023 |
|---|---|---|---|
| തിരുവനന്തപുരം | 379 | 733 | 1237 |
| കൊല്ലം | 330 | 423 | 775 |
| മലപ്പുറം | 268 | 334 | 593 |
| കോഴിക്കോട് | 158 | 201 | 404 |
| പാലക്കാട് | 233 | 225 | 276 |
| ഇടുക്കി | 105 | 176 | 233 |
| കോട്ടയം | 119 | 157 | 232 |
| തൃശ്ശൂർ | 198 | 193 | 212 |
| പത്തനംതിട്ട | 63 | 99 | 173 |
| ആലപ്പുഴ | 163 | 187 | 170 |
| വയനാട് | 310 | 158 | 146 |
| എറണാകുളം | 94 | 119 | 141 |
| കണ്ണൂർ | 63 | 125 | 106 |
| കാസർകോട് | 152 | 102 | 81 |
വിവരങ്ങൾക്ക് കടപ്പാട്: ഡോ. വി.എച്ച്. ശങ്കർ, ജനിതകവിഭാഗം മേധാവി, എസ്എടി ആശുപത്രി, മെഡിക്കൽ കോളേജ്, തിരുവനന്തപുരം
Content Highlights: Explore the increasing number of genetic disorders in newborns in Kerala. Learn about potential causes like late pregnancy, lifestyle, and diet. Find out what`s being done to address this concern.