5.5 ലക്ഷം രൂപ നൽകി വാങ്ങിയിരുന്ന മരുന്നിന്റെ ജനറിക് പതിപ്പിന് വില 8,500; രാജ്യത്ത് ഉപയോഗം കുറവ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം/ആലപ്പുഴ: ജനറിക് മരുന്ന് ചികിത്സാച്ചെലവ് എത്രമാത്രം കുറക്കുമെന്ന് വെളിപ്പെടുത്തി എസ്.എം.എ. മരുന്നുവിവാദം. എസ്.എം.എ. രോഗികൾക്ക് കുപ്പിയൊന്നിന് 5.5 ലക്ഷം രൂപ നൽകി വാങ്ങിയിരുന്ന മരുന്നിന്റെ ജനറിക് പതിപ്പിന് സർക്കാർ നൽകേണ്ട വില 8,500 രൂപമാത്രം. കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള മരുന്ന് നിർമിക്കുന്നതിനാൽ ‘ലോകത്തിന്റെ ഫാർമസി’എന്നാണ് ഇന്ത്യയ്ക്കുള്ള വിശേഷണം.

ലോകത്താകെ വിതരണം ചെയ്യുന്ന ജനറിക് മരുന്നുകളിൽ 20 മുതൽ 30 വരെ ശതമാനം ഇന്ത്യയിൽനിന്നാണ്. യു.എസിൽ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളിൽ മൂന്നിലൊന്നും ഇവിടെനിന്നാണ്. യു.കെ., കാനഡ, ദക്ഷിണാഫ്രിക്ക, ജർമനി, ബ്രസീൽ, നൈജീരിയ, ഓസ്‌ട്രേലിയ എന്നിവയും പ്രധാന വിപണികളാണ്.

ആഭ്യന്തര വിപണിയിൽ ജനറിക് മരുന്നുകളുടെ സാന്നിധ്യം കുറവാണ്. പ്രധാനമായും ജൻ ഔഷധി കേന്ദ്രങ്ങൾ വഴിയാണ് ഇത്തരം മരുന്നുവിൽപ്പന. കഴിഞ്ഞ സാമ്പത്തിക വർഷം 3,000 കോടിയായിരുന്നു വിറ്റുവരവ്.

ജനറിക് മരുന്ന്

പേറ്റന്റ് കാലാവധി കഴിഞ്ഞ, ബ്രാൻഡഡ് മരുന്നിന്റെ അതേ സജീവഘടകം (ആക്ടീവ് ഇൻഗ്രീഡിയന്റ്) ഉപയോഗിച്ച് മറ്റു കമ്പനികൾ നിർമിക്കുന്നവയാണ് ജനറിക് മരുന്നുകൾ. രാസനാമത്തിലാണ് ഇവ പൊതുവേ അറിയപ്പെടുക. പ്രമുഖ കമ്പനികൾ സ്വന്തം പേരിലിറക്കുന്ന ബ്രാൻഡഡ് ജനറിക്കുകൾ ഇപ്പോൾ ഇന്ത്യയിൽ വ്യാപകമാണ്. അളവ്, വീര്യം, കഴിക്കേണ്ട രീതി, രോഗശമനശേഷി എന്നിവയിൽ ജനറിക് മരുന്ന് ബ്രാൻഡഡ് മരുന്നിന് തുല്യമായിരിക്കും. ശരീരത്തിൽ ഒരേ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് (ബയോ ഇക്വിവലൻസ്) തെളിയിക്കുകയും വേണം. ഗവേഷണച്ചെലവോ വൻ പരസ്യച്ചെലവോ ഇല്ലാത്തതിനാൽ വിലക്കുറവിൽ ലഭിക്കും.

ബ്രാൻഡഡ് മരുന്ന്

കമ്പനികൾ സ്വന്തമായി വികസിപ്പിച്ച് അവരുടെ വ്യാപാരനാമത്തിൽ വിപണിയിലിറക്കുന്നവയാണ് ബ്രാൻഡഡ് മരുന്നുകൾ. ഇവയ്ക്ക് പേറ്റന്റുണ്ടാകും. 20 വർഷമാണ് ഇന്ത്യയിലെ പേറ്റൻറ് കാലാവധി. ഗവേഷണം, പരീക്ഷണം, പരസ്യം, വിപണനം എന്നിവയുടെ ചെലവ് തിരിച്ചുപിടിക്കേണ്ടതിനാൽ ബ്രാൻഡഡ് മരുന്നുകൾക്ക് വില കൂടുതലാണ്.

Content Highlights: Explore the sma medicine controversy highlighting the cost difference between generic medicines and branded drugs,