സുരക്ഷിതമല്ലെന്ന് പറഞ്ഞ് നിയമനടപടി, ദിവസങ്ങൾ പിന്നിടുംമുമ്പെ FSSAI ഔദ്യോഗിക പരിപാടിയിൽ ബിസ്‌ലെരി കുപ്പികൾ‌

#Health Desk
FSSAI ഔദ്യോ​ഗിക പരിപാടിയിൽ ബിസ്‌ലെരി കുപ്പികൾ‌
FSSAI ഔദ്യോ​ഗിക പരിപാടിയിൽ ബിസ്‌ലെരി കുപ്പികൾ‌

കുടിവെള്ള കമ്പനിയായ ബിസ്‌ലെരിക്കെതിരെ സുരക്ഷാ ലംഘനങ്ങൾ ആരോപിച്ച് എഫ്.എസ്.എസ്.എ.ഐ.(Food Safety and Standards Authority of India ) നിയമനടപടി പ്രഖ്യാപിച്ച് അധികമായില്ല. ഇപ്പോഴിതാ എഫ്.എസ്.എസ്.എ.ഐ ഉദ്യോഗസ്ഥർക്കായുള്ള പരിശീലന പരിപാടിയിൽ ബിസ്‌ലെരി വെള്ളക്കുപ്പികൾ തന്നെ നൽകിയതിൽ വിമർശനം ഉയരുകയാണ്. കോൺഫറൻസ് ടേബിളുകളിൽ ബിസ്‌ലെരി വെള്ളക്കുപ്പികൾ ഇരിക്കുന്നതിന്റെ ചിത്രംസഹിതം പുറത്തുവന്നതോടെയാണ് വിമർശനവും ഉയർന്നത്.

ഗാസിയാബാദിലെ NTCFSS-ൽ നടത്തിയ പരിശീലനത്തിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ചട്ടങ്ങളേക്കുറിച്ചുള്ള പരിശീലന ക്ലാസ്സിൽ രാജ്യത്തുടനീളമുള്ള കേന്ദ്ര, സംസ്ഥാന ഭക്ഷ്യ സുരക്ഷാ അധികാരികളിൽ നിന്നുള്ള 1,155-ഓളം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ബിസ്‌ലെരിയുടേതായിരുന്നു ഇവർക്കു മുമ്പിൽ വച്ച വെള്ളക്കുപ്പികൾ. 

ബിസ്‌ലെരിക്കെതിരെ നടപടിയെടുത്ത് ദിവസങ്ങൾ പിന്നിടുംമുമ്പെ ഔദ്യോഗിക പരിശീലന പരിപാടിയിൽ എന്തുകൊണ്ടാണ് ഇതേ ബ്രാൻ‍ഡിന്റെ കുടിവെള്ളം തന്നെ ഉപയോഗിച്ചതെന്നാണ് സാമൂഹികമാധ്യമത്തിൽ ചിത്രങ്ങൾക്കുകീഴെ നിരവധിപേർ കമന്റ് ചെയ്യുന്നത്. ഇത് ബിസ്‌ലെരിയുടെ വിശ്വാസ്യത വർധിപ്പിക്കുകയാണെന്നു കമന്റ് ചെയ്യുന്നവരുമുണ്ട്.

സാമ്പിൾ പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ബിസ്‌ലെരിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അനുമതി നൽകിയത്. ബ്രോമേറ്റ് അളവും പോളി ന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) കണ്ടെത്തലും ഉൾപ്പെടുന്ന ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് FSSAI ബിസ്‌ലെരിക്കെതിരെ നടപടിക്ക് അനുമതി നൽകിയത്. കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളാണിവ. പ്രാഥമിക പരിശോധനയിലും തുടർന്ന് കമ്പനിയുടെ അപ്പീലിൽ നടത്തിയ രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചത്.

ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ, ബ്രോമേറ്റിനെ മനുഷ്യരിൽ കാൻസറിന് കാരണമായേക്കാവുന്ന പദാർഥങ്ങളുടെ വിഭാഗത്തിലാണ് (ഗ്രൂപ്പ് 2ബി) ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിഎൻഎയ്ക്ക് കേടുപാടുകൾ വരുത്താനും ബ്രോമേറ്റിന് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. അർബുദത്തിന് കാരണമാകുന്ന ഘടകമായാണ് ചില പിഎഎച്ച് സംയുക്തങ്ങളെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ വർഗീകരിച്ചിരിക്കുന്നത്. ചില പിഎഎച്ച് സംയുക്തങ്ങൾ ഡിഎൻഎയുമായി പ്രതിപ്രവർത്തിക്കാൻ ശേഷിയുള്ള ഘടകങ്ങളാകുകയും ജനിതകമാറ്റങ്ങൾക്ക് കാരണമാകുകയും അർബുദസാധ്യത വർധിപ്പിക്കുകയും ചെയ്യാം.

അതേസമയം എഫ്.എസ്.എസ്.എ.ഐയുടെ പ്രസ്താവനയ്ക്കു പിന്നാലെ ഇതുമായി ബന്ധപ്പെട്ട യാതൊരു നോട്ടീസും ലഭിച്ചില്ലെന്നും സ്വതന്ത്ര പരിശോധനയിൽ വെള്ളം സുരക്ഷിതമാണെന്ന് കണ്ടെത്തിയെന്നും പ്രതികരിച്ച് ബിസ്‌ലെരി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഏകദേശം 14 മാസം മുമ്പ്, 2025 സെപ്റ്റംബറിൽ, 143 പ്ലാന്റുകളിൽ ഒന്നായ ഗോവയിലെ ബിസ്ലെരി നിർമാണ യൂണിറ്റിൽ ഉൽപ്പാദിപ്പിച്ച ഒരു ബാച്ചുമായി ബന്ധപ്പെട്ടതാണ് വിഷയമെന്നും 2025 സെപ്റ്റംബർ 30-ന്, ഗോവയിലെ യൂണിറ്റിൽ നിന്ന് FSSAI ആറ് സാമ്പിളുകൾ ശേഖരിച്ചിരുന്നുവെന്നും ആറാമത്തെ സാമ്പിളിൽ ബ്രോമേറ്റിന്റെ അളവ് ലിറ്ററിന് 12 മൈക്രോഗ്രാം ആണെന്ന് കണ്ടെത്തിയെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു. അനുവദനീയമായ പരിധി ലിറ്ററിന് 10 മൈക്രോഗ്രാം ആണ്. 2025 നവംബർ 22-ന് ബിസ്ലെരി നൽകിയ അപ്പീലിനെത്തുടർന്ന്, FSSAI ഈ സാമ്പിൾ പുനഃപരിശോധനയ്ക്കായി ഒരു റഫറൽ ലബോറട്ടറിയിലേക്ക് അയച്ചു. അവിടെ നടത്തിയ പരിശോധനയിൽ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തിയെന്നും ബിസ്‌ലെരി വ്യക്തമാക്കി.

Content Highlights: FSSAI's action against Bisleri for safety violations sparks controversy as Bisleri water is used in official training, raising questions on social media.