കോവിഡ് മരണങ്ങളുടെ കണക്ക്: കേന്ദ്രത്തിന്റെ വാദം തള്ളി ആരോഗ്യമന്ത്രി

കണ്ണൂര്‍: കോവിഡ് പോസിറ്റീവായവരുടെയും മരിച്ചവരുടെയും കണക്കുകള്‍ കേന്ദ്രസര്‍ക്കാരിന് കൃത്യമായി നല്‍കുന്നില്ലെന്ന പരാതി വാസ്തവവിരുദ്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
തുടര്‍ച്ചയായി ഇത്തരം ആക്ഷേപം ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. തെറ്റായ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ല. കോവിഡ് സംബന്ധിച്ച കണക്ക് കൃത്യമായിട്ടല്ല കേരളം നല്‍കുന്നതെന്ന് കാണിച്ച് കേന്ദ്രം വീണ്ടും കത്തയച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കോവിഡ് കണക്ക് ദിവസവും പുതുക്കി കേന്ദ്രത്തിനു നല്‍കുന്നുണ്ട്. തുടക്കംമുതല്‍ ചെയ്തുവന്നതുപോലെതന്നെയാണിത്. എല്ലാം സുതാര്യമായി നടക്കുന്നു.
വാനരവസൂരി: പരിശോധനാഫലം നെഗറ്റീവ്
വാനരവസൂരി ബാധിച്ച മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ആദ്യ രോഗിയുടെ നിലയില്‍ വലിയ പുരോഗതിയുണ്ട്. ഇവരുമായി സമ്പര്‍ക്കമുണ്ടായവരുടെ ഇതുവരെ പരിശോധിച്ച സാമ്പിളെല്ലാം നെഗറ്റീവാണ്. വാനരവസൂരിയുടെ കാര്യത്തില്‍ മേയ് മുതല്‍തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
മരുന്നുക്ഷാമം ഇപ്പോഴില്ല
ആസ്പത്രികളിലെ മരുന്നുക്ഷാമം പരിഹരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് മരുന്നുകളുടെ ഉപയോഗത്തില്‍ വ്യത്യാസം ഉണ്ടായി. ചിലത് കൂടുതല്‍ ഉപയോഗിക്കേണ്ടിവന്നു. മരുന്നുള്ളിടത്തുനിന്ന് ഇല്ലാത്തിടത്തേക്ക് എത്തിച്ചിട്ടുണ്ട്. മരുന്നുലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്-മന്ത്രി പറഞ്ഞു.
Content Highlights: covid death, union government, health minister, veena george, health