ഐൻസ്റ്റീൻ മുതൽ അഭിഷേക് ബച്ചൻ വരെ നേരിട്ട പ്രശ്നം, ക്രിയേറ്റിവിറ്റിയിലൂടെ മറികടക്കാം; തിരിച്ചറിയണം ഡിസ്‌ലെക്സിയ

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

‘അക്ഷരങ്ങളൊക്കെ നൃത്തം ചെയ്യുന്നപോലുണ്ട് ടീച്ചർ...’ താരേ സമീൻ പർ എന്ന ചിത്രത്തിൽ ഇഷാൻ അവസ്തി എന്ന കഥാപാത്രം അധ്യാപികയോടു പറയുന്നതാണിത്. പുസ്തമെടുക്കുമ്പോൾ അക്കങ്ങളും അക്ഷരങ്ങളുമൊക്കെ തലകുത്തിമറിയുന്ന അവസ്ഥ. ഡിസ്‌ലെക്സിയ എന്ന പഠനവൈകല്യത്തെ തിരിച്ചറിയേണ്ടതിനേക്കുറിച്ചും അതിജീവിക്കേണ്ടതിനേക്കുറിച്ചും മനോഹരമായി അവതരിപ്പിച്ച സിനിമയാണ് താരേ സമീൻ പർ.

’ധ’യ്ക്കുപകരം ’ന’ , ’ഡ’ യ്ക്കു പകരം ’സ’, ഇംഗ്ലീഷിലാണെങ്കിൽ ’p’ പകരം q എഴുതുക, കണക്കിൽ 6 ഉം, 9 ഉം പരസ്പരം മാറിപ്പോവുക. ഇത്തരത്തിൽ എഴുതുന്ന കുട്ടികളെ കണ്ടാൽ എത്ര പഠിപ്പിച്ചിച്ചി‌ട്ടും മനസ്സിലാകുന്നില്ലെന്ന് പരാതിപ്പെടുന്നവർ ഏറെയുണ്ട്. ആവർത്തിച്ചെഴുതുകയും വായിക്കുകയും ചെയ്താലും ശ്രദ്ധയില്ലാഞ്ഞിട്ട് ആണെന്ന് അവരെ കുറ്റപ്പെ‌ടുത്തുകയും പലരും ചെയ്യുക. എന്നാൽ ഇതത്ര നിസ്സാരമാക്കരുത്. മടിയും ഉഴപ്പുമാണെന്ന് വിധിക്കുംമുമ്പ് ഡിസ്‌ലെക്സിയ ആണോയെന്ന് തിരിച്ചറിയണം. വിവരങ്ങൾ ശേഖരിക്കാനും പ്രതികരിക്കാനും ആശയവിനിമയം നടത്താനുമുള്ള മസ്തിഷ്കത്തിന്റെ ശേഷിയെ ബാധിക്കുന്ന നാഡീസംബന്ധമായ അവസ്ഥയാണിത്. ഡിസ്‌ലെക്സിയയേക്കുറിച്ച് അവബോധം പരത്താനായാണ് എല്ലാവർഷവും ഒക്ടോബർ 7 ലോക ഡിസ്‌ലെക്സിയ ദിനമായി ആചരിക്കുന്നത്.

ആഗോളതലത്തിൽ പത്തുമുതൽ ഇരുപതുശതമാനം വരെ കുട്ടികൾ ഡിസ്‌ലെക്സിയ നേരിടുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇതേക്കുറിച്ച് കുട്ടികളിൽ അവബോധം പരത്താനും സ്കൂളുകളിലും തൊഴിലിടങ്ങളിലും ഇതുസംബന്ധിച്ച അറിവുകൾ പങ്കുവെക്കാനുമാണ് ലോക ഡിസ്‌ലെക്സിയ ദിനം ആചരിക്കുന്നത്. ലോകപ്രശസ്ത ശാസ്ത്രജ്ഞരായ ആൽബർട്ട് ഐൻസ്റ്റീൻ, തോമസ് എഡിസൺ, പ്രശസ്ത പെയിന്ററായ ലിയനാർഡോ ഡാവിഞ്ചി, ഹോളിവു‍ഡ് താരങ്ങളായ ടോം ക്രൂസ്, ജെന്നിഫർ ആനിസ്റ്റൺ, ഒർലാൻഡോ ബ്ലൂം, സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ്, ബിസിനസ് രംഗത്തെ അതികായരായ സ്റ്റീവ് ജോബ്സ്, റിച്ചാർഡ് ബ്രാൻസൺ, ഹെന്റി ഫോർഡ് തുടങ്ങിയവർ ഡിസ്‌ലെക്സിയയെ നേരിട്ടതിനേക്കുറിച്ചു തുറന്നുപറഞ്ഞിട്ടുണ്ട്.

നിരവധി ബോളിവുഡ‍് താരങ്ങളും തങ്ങൾക്ക് ഡിസ്‌ലെക്സിയ ഉണ്ടെന്ന് പങ്കുവെച്ചിരുന്നു. ഒമ്പതാം വയസ്സിൽ ഡിസ്‌ലെക്സിയ സ്ഥിരീകരിച്ചതിനേക്കുറിച്ച് നടൻ അഭിഷേക് ബച്ചൻ തുറന്നുപറഞ്ഞിരുന്നു. സെറ്റുകളിൽ ഡയലോഗ് വായിച്ചെടുക്കാൻ കൂടുതൽ സമയമെടുക്കാറുണ്ടെന്നു പറഞ്ഞ് നടൻ സണ്ണി ഡിയോളും ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കുട്ടിക്കാലത്ത് കണക്ക് മനസ്സിലാക്കാൻ പാടുപെട്ടിരുന്നുവെന്നും സ്കൂൾകാലം കഠിനമായിരുന്നുവെന്നും പറഞ്ഞാണ് നടൻ ശേഖർ കപൂർ താൻ ഡിസ്‌ലെക്സിയയുടെ ബുദ്ധിമുട്ടുകൾ നേരിട്ടതിനേക്കുറിച്ച് പങ്കുവെച്ചത്. നടൻ ആമിർ ഖാന്റെ മകനും നടനുമായ ജുനൈദ് ഖാനും ഡിസ്‌ലെക്സിയ സ്ഥിരീകരിച്ച വിവരം പങ്കുവെച്ചിട്ടുണ്ട്. താരേ സമീൻ പർ എന്ന ചിത്രമാണ് തന്റെ മാതാപിതാക്കളെ ഈയവസ്ഥയേക്കുറിച്ച് തിരിച്ചറിയാൻ കൂടുതൽ സഹായിച്ചതെന്നും നടൻ പറഞ്ഞിരുന്നു.

ഡിസ്ലെക്സിയ ഉള്ള കുട്ടികൾക്ക് വിവേചനശേഷിക്കുറവ്, ഓർമശക്തിക്കുറവ്, സംഖ്യകൾ ക്രമത്തിൽ ഓർത്തെടുക്കാനുള്ള ബുദ്ധിമുട്ട്, പുതിയ വാക്കുകൾ പഠിക്കാനുള്ള ബുദ്ധിമുട്ട്, വാക്കുകൾ, അക്കങ്ങൾ, അക്ഷരങ്ങൾ എന്നിവ മനസ്സിലാക്കാൻ പ്രയാസം, ഉച്ചാരണപ്രശ്നങ്ങൾ, വ്യക്തതയില്ലാത്ത വായന എന്നിവയുണ്ടാകാം. അക്ഷരങ്ങൾ തലതിരിച്ചെഴുതുക, മോശം കൈയക്ഷരം, പതുക്കെ വായിക്കുക, വരികൾ വിട്ടു പോകുകയോ ആവർത്തിക്കുകയോ ചെയ്യുക, വാക്കുകൾ തലതിരിച്ചു വായിക്കുക, അക്ഷരങ്ങളും അവയുടെ ഉച്ചാരണങ്ങളും അറിയാതിരിക്കുക , ഓർമ്മയിൽ നിന്നും വായിക്കുക, മോശമായ കൈയക്ഷരം, പ്രകടമായ അക്ഷരത്തെറ്റുകൾ, തല തിരിച്ചെഴുതുക, കണക്ക് മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, കാശുപയോഗിക്കാൻ ബുദ്ധിമുട്ടുക തുടങ്ങിയവ ലക്ഷണങ്ങളാണ്. പെൻസിൽ പിടിക്കാൻ വരെ പ്രയാസം നേരിടാം. 10 ശതമാനത്തോളം കുട്ടികളിൽ ഈ അവസ്ഥ കണ്ടുവരുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

പഠന വൈകല്യം ഭേദപ്പെടുത്താൻ മരുന്നുകളൊന്നും തന്നെയില്ലെന്നതും പ്രത്യേകം ഓർക്കണം. എന്നാൽ പഠനപരിമിതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മറ്റു പ്രശ്നങ്ങളെ ഭേദപ്പെടുത്താൻ മരുന്നുകൾ നൽകാറുണ്ട്. പഠനത്തിനാവശ്യമായ അടിസ്ഥാന ശേഷികളിൽ വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന റെമെഡിയൽ എജ്യുക്കേഷൻ നൽകുകയാണ് പ്രധാനം. ആവശ്യമെങ്കിൽ സൈക്കോതെറാപ്പിയും കുഞ്ഞിന്റെ അവസ്ഥയെ കുറിച്ച് കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ഫാമിലി കൗൺസിലിങ്ങും നൽകാം.

കുഞ്ഞിനു താൽപര്യമുള്ള പഠനരീതി തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യുന്നരീതിയാണ് സ്വീകരിക്കേണ്ടത്. അധ്യാപകർ, രക്ഷിതാക്കൾ, സ്കൂൾ മാനേജ്‌മെന്റ്, സാമൂഹികപ്രവർത്തകർ, ശിശുരോഗവിദഗ്ധർ എന്നിവരുടെ കൂട്ടായ ശ്രമത്തിലൂടെയാണ് പരിഹാരം കാണേണ്ടത്.

Content Highlights: Dyslexia, a learning disability, affects 10-20% of children globally, impacting reading, writing, and communication skills. October 7 marks World Dyslexia Day.