നാല് വയസ്സുവരെയുള്ള കുട്ടികളിൽ വെര്‍ച്വല്‍ ഓട്ടിസം സാധ്യത കൂടുതൽ; മലയാളികളുടെ നേതൃത്വത്തില്‍ പ്രത്യേക ആപ്പുകള്‍

ഡോ.ജെൻസി ബ്ലെസൻ, ഡോ.ജെയിംസൺ സാമുവല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍
ഡോ.ജെൻസി ബ്ലെസൻ, ഡോ.ജെയിംസൺ സാമുവല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബായ്: നാല് വയസ്സുവരെയുള്ള കുട്ടികളിൽ വെര്‍ച്വല്‍ ഓട്ടിസം സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍. ഈ പ്രായത്തിലെ കുട്ടികളെ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. യുഎഇയിലെ കുട്ടികളിൽ വെര്‍ച്വല്‍ ഓട്ടിസം വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗമടക്കമുള്ള കാര്യങ്ങള്‍ ഇതിന് കാരണമാകുന്നുണ്ടെന്നും ഈ രംഗത്തെ വിദഗ്ധരും ജുവല്‍ ഓട്ടിസം റീഹാബിലിറ്റേഷന്‍ കേന്ദ്രം മേധാവികളുമായ ഡോ.ജെന്‍സി ബ്ലെസന്‍, ഡോ.ജെയിംസണ്‍ സാമുവല്‍ എന്നിവര്‍ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ദുബായ് മുനിസിപ്പാലിറ്റിയിലെ ശൈഖ് അലി അല്‍ കഅബിയും പങ്കെടുത്തു.

ഓട്ടിസം ലക്ഷണങ്ങളുള്ള കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും സഹായിക്കുന്ന  പുതിയ മൊബൈൽ ആപ്പുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും അവർ അറിയിച്ചു.

  • സ്കൂള്‍ റെഡിനസ് ആപ്പ് – കുട്ടികളിലെ വൈകല്യം തിരിച്ചറിയാൻ
  • ചൈല്‍ഡ് എസ്‌കോർട് ആപ്പ് – വളർച്ചയും വികാസവും വീട്ടിലിരുന്ന് നിരീക്ഷിക്കാൻ
  • സെന്‍സോ ബ്ലൂം ആപ്പ് – സെന്‍സറി പ്രശ്നമുള്ള കുട്ടികളെ മാതാപിതാക്കൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പഠിപ്പിക്കാൻ
  • എഡിഎല്‍ ആപ്പ് – ദിവസേന സാധാരണ കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കാൻ

ആക്‌സസ്എബിലിറ്റീസ് എക്‌സ്‌പോയുടെ ഏഴാമത് പതിപ്പ് തിങ്കളാഴ്ച ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും ദുബായ് എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് എക്‌സ്‌പോ നടക്കുന്നത്.

മൂന്ന് ദിവസത്തേക്ക് നീളുന്ന പരിപാടിയിൽ 50 രാജ്യങ്ങളിൽ നിന്നുള്ള 270 പ്രദർശകർ പങ്കെടുക്കും. 15,000-ത്തിലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ.

വിദ്യാഭ്യാസം, പുനരധിവാസം, ആരോഗ്യ സംരക്ഷണം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ നിശ്ചയദാർഢ്യമുള്ളവരുടെ പങ്കാളിത്തം വർധിപ്പിക്കുന്ന ചര്‍ച്ചകളും പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സാമൂഹിക, കായിക പ്രവർത്തനങ്ങളിൽ നിശ്ചയദാർഢ്യമുള്ളവരുടെ പങ്കാളിത്തം വർധിപ്പിക്കുന്ന നിരവധി നൂതന സാങ്കേതികവിദ്യകളും എക്‌സ്‌പോയിലുണ്ട്.

Content Highlights: UAE experts warn of rising virtual autism in children under four, urging parental vigilance due to increased screen time. New apps launched to aid diagnosis and support.